മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന മൂവാറ്റുപുഴ -തേനി റോഡിൽ മണിയംകുളം കവലയിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ച ശേഷം റോഡ് നിർമാണം തുടങ്ങിയാൽ മതിയെന്ന ആവശ്യവുമായി നാട്ടുകാരും നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപെട്ട് സി.പി.എം പ്രവർത്തകരും രംഗത്തുവന്നത് സംഘർഷം സൃഷ്ടിച്ചു. പൊലീസ് ഇരുകൂട്ടരുമായി ചർച്ചനടത്തി.
ഒരാഴ്ചക്കകം ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പുനൽകി റോഡ് നിർമാണം പുനരാരംഭിച്ചു. മൂവാറ്റപുഴ-തേനി റോഡിന്റെ കിഴക്കേക്കര മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്തെ ട്രാൻസ്ഫോർമർ മാറ്റുന്നതിന് മാസങ്ങൾ മുമ്പ് എം.എൽ.എ വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു.
ഇതിനായി കവലക്ക് സമീപംതന്നെ സ്വകാര്യവ്യക്തി രണ്ട് സെന്റ് നൽകുകയും ട്രാൻസ്ഫോർമർ മാറ്റുന്നതിന് കെ.എസ്.ടി.പി 36 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. ഇതോടെ ട്രാൻസ്ഫോർമർ മാറ്റണമെന്ന് ആവശ്യപെട്ട് നാട്ടുകാർ രംഗത്തുവന്നതിനെ തുടർന്നാണ് രണ്ടാഴ്ച മുമ്പ് റോഡ് പണി നിലച്ചത്. ഇതുൾപെടെ അഞ്ച് കിലോമീറ്റർ ദൂരം മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കാനുള്ളു.
പാതിവഴിയിൽ നിർമാണം നിലച്ച റോഡിൽ അപകടങ്ങൾ തുടർകഥയായതോടെ കഴിഞ്ഞ ആഴ്ച സി.പി.എം പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപെട്ട് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞുവച്ചു. ഇതേ തുടർന്നാണ് തിങ്കളാഴ്ച രാവിലെ പണി പുനരാരംഭിച്ചത്.
ട്രാൻസ്ഫോർമർ മാറ്റിയ പണി ആരംഭിച്ചാൽ മതിയെന്ന ആവശ്യവുമായാണ് നാട്ടുകാർ രംഗത്തുവന്നത്. കെ.എസ്.ടി.പി എക്സി. എൻജിനീയറെയും വിളിച്ചു വരുത്തി നടത്തിയ ചർച്ചക്ക് ഒടുവിൽ ട്രാൻസ്ഫോർമർ അടുത്ത ദിവസംതന്നെ മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് നിലവിൽ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിവാക്കിഅതിനു സമീപത്തുനിന്നും പണി പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.