മൂവാറ്റുപുഴ: നഗര റോഡ് വികസനത്തിന്റ ഭാഗമായി അടുത്ത ദിവസം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ നിർദേശം നൽകി. എം.സി റോഡ് കടന്നുപോകുന്ന പോസ്റ്റ് ഓഫിസ് ജങ്ഷൻ മുതൽ വെള്ളൂർകുന്നംവരെ ഒറ്റവരി ഗതാഗതത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഈ ഭാഗങ്ങളിൽ കലുങ്കുകൾ നിർമിക്കേണ്ട ജോലിക്കായാണ് ഗതാഗത നിയന്ത്രണം. 50 ദിവസംകൊണ്ട് പൂർത്തിയാക്കുന്ന ജോലികളുടെ ഷെഡ്യൂൾ കെ.ആർ.എഫ്.ബി തയാറാക്കി കലക്ടർക്ക് സമർപ്പിക്കണം.
കോട്ടയം ഭാഗത്തുനിന്ന് വരുന്ന എറണാകുളം, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, കാളിയാർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് മൂവാറ്റുപുഴ ടൗൺവഴി തന്നെ പോകാം.
എറണാകുളത്തുനിന്നുവരുന്ന കോട്ടയം-തൊടുപുഴ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പെരുവംമൂഴിയിൽനിന്ന് വലത്തേക്ക് തിരിഞ്ഞു 130 ജങ്ഷനിൽ വന്നു അവിടെ നിന്ന് തിരിഞ്ഞുപോകണം.
എറണാകുളം ഭാഗത്തുനിന്ന് വന്ന് പെരുവംമൂഴിയിൽ തിരിഞ്ഞുപോകാത്ത വാഹനങ്ങളും ആലുവ, പെരുമ്പാവൂർ, അങ്കമാലി എന്നീ ഭാഗത്തുനിന്നുവരുന്ന കോട്ടയം-തൊടുപുഴ എന്നിവിടങ്ങളിലേക്ക് പേകേണ്ട വാഹനങ്ങളും ഇ.ഇ.സി മാർക്കറ്റ് റോഡ് വഴി ചാലിക്കടവ് പാലം കയറി കിഴക്കേക്കര സ്കൂൾ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അടുപ്പറമ്പിൽ വന്ന് കോട്ടയം-തൊടുപുഴ എന്നിവിടങ്ങളിലേക്ക് തിരിഞ്ഞുപോകണം.
എന്നാൽ, കോട്ടയം-തൊടുപുഴ എന്നിവിടങ്ങളിലേക്ക് പോകേണ്ട ബസുകൾ നഗരത്തിലെ കിഴക്കേക്കര സ്കൂൾ ജങ്ഷനിൽനിന്ന് നിർമല ഹോസ്പിറ്റൽവഴി ലത സ്റ്റാൻഡിൽ വന്ന് അവിടെ നിന്ന് തിരിഞ്ഞുപോകേണ്ടതാണ്. കോതമംഗലം, കാളിയാർ എന്നീ ഭാഗത്തുനിന്ന് വരുന്ന കോട്ടയം-തൊടുപുഴ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ചാലിക്കടവ് പാലം വഴി കിഴക്കേക്കര സ്കൂൾ ജങ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് അടുപ്പറമ്പിൽ വന്ന് കോട്ടയം-തൊടുപുഴ എന്നിവിടങ്ങളിലേക്ക് പോകണം. കോട്ടയം-തൊടുപുഴ എന്നിവിടങ്ങളിലേക്ക് പോകേണ്ട ബസുകൾ കിഴക്കേക്കര സ്കൂൾ ജങ്ഷനിൽനിന്ന് നിർമല ഹോസ്പിറ്റൽവഴി ലത സ്റ്റാൻഡിലെത്തി അവിടെ നിന്ന് തിരിഞ്ഞുപോകണം.
എറണാകുളം, അങ്കമാലി, പെരുമ്പാവൂർ, ആലുവ എന്നീ ഭാഗത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കച്ചേരിത്താഴം-കാവുംപടിവഴി നിർമല സ്കൂൾ ഭാഗത്ത് വന്നുചേർന്ന് അവിടെനിന്ന് തിരിഞ്ഞുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.