മൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന് നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണി. ദുരന്ത സാഹചര്യം നേരിടാൻ മുന്നൊരുക്കം ആരംഭിച്ചു. കനത്ത മഴക്ക് പുറമെ മലങ്കര ഡാമിന്റെ ആറ് ഷട്ടറിൽ നാലെണ്ണവും ഒരു മീറ്റർ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കാൻ ആരംഭിച്ചതോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായത്.
ഇതിനുപുറമെ, വെള്ളൂർക്കുന്നം കോർ മലയിലടക്കം മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുന്നൊരുക്കം തുടങ്ങിയത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള പ്രദേശങ്ങളിലും റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തും.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, മൂവാറ്റുപുഴയാറിന്റെയും തൊടുപുഴയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ ഇവിടെയുള്ളവരെ മാറ്റി താമസിപ്പിക്കുന്നത് ഒമ്പത് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുന്നതിനും നടപടി എടുത്തിട്ടുണ്ട്.
മഴ ശക്തമായാൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാർ ഇവിടങ്ങളിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്നാണ് നിർദേശം. കാലവർഷത്തിൽ മണ്ണിടിച്ചിലുണ്ടാകുന്ന കോർമലയിൽ മഴ കൂടുതൽ ശക്തമായാൽ ജനങ്ങളെ മാറ്റിത്താമസിപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ നോട്ടീസ് നൽകും. മണ്ണിടിച്ചിലുണ്ടായാൽ രക്ഷാദൗത്യം നടത്തുന്നതിന് മണ്ണുമാന്തി യന്ത്രങ്ങൾ, ആംബുലൻസ് സർവിസ് നടത്തുന്നവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് ഇവരുടെ സേവനം അതിവേഗം ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ട്. ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. മഴ ശക്തമായി ഇനിയും ജലനിരപ്പ് ഉയർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇലാഹിയ കോളനി, മൂന്നുകണ്ടം, സ്റ്റേഡിയം പരിസരം, കൊച്ചങ്ങാടി, ആനിക്കാക്കുടി കോളനി, പായിപ്ര പഞ്ചായത്തിലെ പെരുമറ്റം കൂൾമാരി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാകും. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടങ്ങളിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.