മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരറോഡ് വികസനം നിശ്ചയിച്ചതിലും ഒരു മാസം മുമ്പ് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂവാറ്റുപുഴ നഗരത്തിന്റെയും മലയോര മേഖലയുടെയും വികസനത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂവാറ്റുപുഴ നഗരറോഡ് വികസനത്തിന്റ ഭാഗമായി റോഡ് നാലുവരിപ്പാതയാക്കുന്നതിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് വികസനത്തിന് സ്ഥലമേറ്റെടുത്ത് നിർമാണത്തിന് 450.33 ലക്ഷം രൂപ അനുവദിച്ചു. മൂവാറ്റുപുഴ ടൗൺ ബൈപാസിന് കിഫ്ബി വഴി 60 കോടി അനുവദിച്ചു. മൂവാറ്റുപുഴ-കാക്കനാട് റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് തയാറാകുകയാണെന്നും മന്ത്രി പറഞ്ഞു.
വെള്ളൂർക്കുന്നം ജങ്ഷനിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ നഗരസഭ അധ്യക്ഷൻ പി.പി. എൽദോസ്, മുൻ എം.എൽ.എമാരായ എൽദോ എബ്രഹാം, ബാബു പോൾ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽസലാം, കൗൺസിലർമാരായ ബിന്ദു സുരേഷ് കുമാർ, ആശ അനിൽ, രാജശ്രീ രാജു, ജിനു ആന്റണി, കേരള റോഡ് ഫണ്ട് ബോർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.ആർ. മഞ്ജുഷ, എക്സി. എൻജിനീയർ മിനി മാത്യു, അസി. എക്സി. എൻജിനീയർ ലക്ഷ്മി എസ്. ദേവി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എം. സലിം, കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടയ്ക്കൻ, പി.എ. ബഷീർ, ഷൈസൻ മാങ്കുഴ, അരുൺ പി. മോഹൻ തുടങ്ങിയവർ പങ്കെടുത്തു. മൂവാറ്റുപുഴ നഗരത്തിന്റെ ഹൃദയ ഭാഗമായ പോസ്റ്റ് കവല മുതൽ വെള്ളൂർക്കുന്നം കവലവരെയുള്ള എം.സി റോഡിന്റെ 1.85 കി.മീ ഭാഗമാണ് നാലുവരിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.