ചെങ്ങമനാട്: ദേശം-കാലടി റോഡിലെ വഴിയോരങ്ങളിൽ വടവൃക്ഷങ്ങൾ അപകടകരമാംവിധം റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഏകദേശം ആറു കിലോമീറ്റർ ദൂരത്തിൽ നിരവധി വൻ മരങ്ങളാണ് ഏതുനിമിഷവും നിലംപൊത്തുന്നവിധം ചരിഞ്ഞുനിൽക്കുന്നത്. ബസ് സർവിസുകൾ, സ്കൂൾ വാഹനങ്ങൾ, ഓട്ടോ, ടാക്സി, ഇരുചക്രവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, വിനോദസഞ്ചാരികൾ, വിമാനത്താവളത്തിൽ വന്നുപോകുന്നവരടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡാണിത്.
കാലപ്പഴക്കംചെന്ന വനം വകുപ്പിന്റെ അധീനതയിലുള്ള മരങ്ങളാണധികവും. അടിമുതൽ വള്ളിപ്പടർപ്പുകൾ നിറഞ്ഞ പല മരങ്ങളും റോഡിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. വെള്ളിയാഴ്ച രാത്രി കിഴക്കേദേശം രക്തേശ്വരി ക്ഷേത്രത്തിന് സമീപം ഭീമൻ മരക്കൊമ്പ് വീണ് മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ഏതാനും മാസംമുമ്പ് പുറയാർ ജങ്ഷനിൽ ശക്തമായ കാറ്റിനെത്തുടർന്ന് ഭീമൻമരം കടപുഴകി എതിർവശത്തെ വടക്കേലപ്പടി ബഷീറിന്റെ കടമുറി പൂർണമായും തകർന്നു. നിറയെ വിദ്യാർഥികളുമായി സ്കൂൾ ബസ് കടന്നുപോയ തൊട്ടുപിറകെയായിരുന്നു ദുരന്തം. രാത്രി വരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഏപ്രിൽ 22ന് ഗാന്ധിപുരം കവലയിൽ തെക്കുവശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി ദേഹത്തുവീണ് സൈക്കിൾ യാത്രികനായ പത്തുവയസ്സുകാരനും ദാരുണാന്ത്യം സംഭവിച്ചു. ശക്തമായ കാറ്റിൽ ഉണങ്ങിയ മരക്കൊമ്പുകളടക്കം യാത്രികരുടെ ദേഹത്ത് വീഴുന്നതും പതിവാണെങ്കിലും സാരമായ പരിക്കുകളും കാര്യമായ നാശനഷ്ടങ്ങളും ഉണ്ടാകാത്തതിനാൽ ആരും പരാതിയുമായി രംഗത്തുവരാറില്ല.
അപകടഭീഷണി ഉയർത്തുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്ന് വാർഡ് അംഗം നഹാസ് കളപ്പുരയിൽ കുറ്റപ്പെടുത്തി. പലതവണ നേരിട്ടും രേഖാമൂലവും വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും അവഗണന തുടരുകയാണ്. മഴയും കാറ്റും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് വനംവകുപ്പ് മാത്രമായിരിക്കും ഉത്തരവാദിയെന്നും നഹാസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.