കൊച്ചി: കൊച്ചി കാൻസർ സെൻററിന്റെ പ്രവർത്തനം താളം തെറ്റിയതു മൂലം ദുരിതം നിറഞ്ഞ ജീവിതയോട്ടത്തിലാണ് ചികിത്സക്കായി ഈ സ്ഥാപനത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് അർബുദ രോഗികൾ. അഞ്ചുവർഷം മുമ്പ് കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളജിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളൊന്നും വികസിക്കാത്തതാണ് രോഗികൾക്ക് പ്രയാസമാകുന്നത്.
ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മൂവ്മെൻറ് പ്രതിനിധികൾ വീണ്ടും ആരോഗ്യമന്ത്രി വീണ ജോർജിന് നിവേദനം നൽകി. കോവിഡിനു മുമ്പ് മെഡിക്കൽ കോളജിലെ ഓപറേഷൻ തിയറ്റർ കോംപ്ലക്സിലെ ഒരു തിയറ്ററിലാണ് അർബുദ ശസ്ത്രക്രിയകൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ശസ്ത്രക്രിയകൾക്കായി എറണാകുളം ടൗണിലുള്ള കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ആശ്രയിക്കണം. റേഡിയേഷൻ ചികിത്സക്കായി നഗരത്തിൽ തന്നെയുള്ള എറണാകുളം ജനറൽ ആശുപത്രിയെയും.
ഇതെല്ലാം പോരാഞ്ഞിട്ട് കാൻസർ സെൻററിെൻറ ഓഫിസ് സംവിധാനം പ്രവർത്തിക്കുന്നത് എറണാകുളത്തുള്ള പൊതുമരാമത്ത് വകുപ്പിെൻറ റസ്റ്റ് ഹൗസിലുമാണ്. ഇത്തരത്തിൽ ആശുപത്രിയും ശസ്ത്രക്രിയയും ഓഫിസുമെല്ലാം പലയിടങ്ങളിലായി പ്രവർത്തിക്കുന്നതു മൂലം കിലോമീറ്ററുകൾ താണ്ടിയാണ് അവശരായ രോഗികൾ ഇവിടങ്ങളിലെത്തുന്നത്. മെഡിക്കൽ കോളജിലെ ഓപറേഷൻ തിയറ്റർ അറ്റകുറ്റപ്പണിയുടെ പേരിൽ പ്രവർത്തനം നിലച്ചിട്ട് നാലുമാസമായി.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കാൻസർ സെൻറർ ഫണ്ടിൽനിന്നും വാടക കൊടുത്ത് ഓപറേഷൻ തിയറ്റർ ഉപയോഗിക്കുന്ന സ്ഥിതിയാണുള്ളത്. സെൻററിൽനിന്ന് രോഗികളെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതിന് ആംബുലൻസ് സൗകര്യവുമില്ലാത്തതിനാൽ സ്വന്തമായി വാഹനം ഇല്ലാത്ത സാധാരണക്കാരായ രോഗികളാണ് കൂടുതൽ ദുരിതത്തിലാവുന്നത്. ഇവിടെ ചികിത്സ തേടുന്നവരിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ്.
തറക്കല്ലിട്ട് രണ്ടു വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കാനായിരുന്നു പ്ലാനെങ്കിലും ഏഴു വർഷമായിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതിയില്ല. മാത്രവുമല്ല, നിർമാണ ക്രമക്കേടിനെ തുടർന്ന് നീക്കിയ മുൻ കരാറുകാരൻ ഹൈകോടതിയിൽ നൽകിയ കേസിനെ തുടർന്ന് ഏഴ് മാസമായി സ്തംഭിച്ചു കിടക്കുകയാണ്. കേസ് അടിയന്തരമായി തീർപ്പാക്കാനുള്ള നടപടികൾ സർക്കാറും ആരോഗ്യവകുപ്പും സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കൊച്ചി കാൻസർ സെൻററിെൻയും മെഡിക്കൽ കോളജിെൻറയും വികസന നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ആരോഗ്യമന്ത്രി നേരിട്ടു സന്ദർശനം നടത്തണമെന്നും നിവേദനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.