കാക്കനാട്: ഓൺലൈൻ ഓട്ടോ നഗരം കീഴടക്കുമ്പോഴും അത് യാത്രക്കാർക്ക് ദുരിതമാകുകയാണ്. ഓട്ടോ സ്റ്റാന്‍ഡില്‍ വാഹനം ഓട്ടം വിളിക്കുമ്പോൾ ഓരോ യാത്രക്കാരും ആദ്യം നോക്കുക ഫെയർ മീറ്ററിലേക്കാണ്. മീറ്റർ പ്രവർത്തിക്കുന്നുണ്ടോയെന്നാണ് പലരുടെയും നോട്ടം.
അതേസമയം ഓണ്‍ലൈനായി ഓട്ടം വിളിക്കുന്നവര്‍ക്ക് ഇത് ഒന്നും അറിയേണ്ടതില്ല. ഫെയര്‍ മീറ്ററിലേക്ക് നോക്കിയിട്ടും കാര്യവുമില്ല. കമ്പനി പറയുന്ന തുക കൊടുക്കുക മാത്രം.
ഇവര്‍ വാങ്ങുന്ന തുക കുറവാണോ, കൂടുതലാണോ എന്നറിയാനും വഴിയില്ല. സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമെ ഓട്ടോക്കൂലി പിടികിട്ടുകയുള്ളൂ. ഓട്ടോ കൂലി 10 മുതല്‍ 20 ശതമാനം വരെ കൂടുതല്‍ വാങ്ങിയെന്ന പരാതികള്‍ നിരന്തരം ആര്.ടി. ഓഫീസില്‍ ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ഓണ്‍ലൈനായി വിളിച്ച ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവര്‍ അറിയാത്ത ഒരു കാര്യം ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. പെര്‍മിറ്റ് നിയമം ലംഘിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ ഏതെങ്കിലും തരത്തില്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് കമ്പനി കൈമലര്‍ത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് തരുന്നു.
നിയമപ്രകാരം ഓണ്‍ലൈനായി ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ഇന്‍ഷൂറന്‍സ് ഉണ്ടെങ്കിലും അവര്‍ക്ക് ആളെ കയറ്റാനും ഇറക്കാനുള്ള പരിധിയും ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ണയിച്ച് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെ നഗരങ്ങളിൽ നിന്നുള്ള പെര്‍മിറ്റ് ഉപയോഗിച്ച് കൊച്ചിയില്‍ ഓണ്‍ലൈനായി ഓടി അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് കമ്പനി പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി യാത്രക്കാര്‍ക്കുള്‍പ്പെടെ ഇന്‍ഷൂറന്‍സ് നിഷേധിക്കുമെന്നതും ഓൺലൈൻ യാത്രയിൽ യാത്രക്കാർ ആപ്പിലാകുന്നു.
പെര്‍മിറ്റുള്ള ഓട്ടോകൾക്ക് അതാത് പ്രദേശത്തെ ഏത് സ്റ്റാൻ്റുകളിൽ നിന്നും ഓണ്‍ലൈനായി വരുന്ന ഓട്ടം ഓടാം. ഈ പരിധിയില്‍ നിന്ന് പുറത്തേക്ക് ഓണ്‍ലൈനായി ഓട്ടം വിളിച്ചാലും സമീപ ജില്ലയിലെ 20 കിലോമീറ്റര്‍ വരെ ഓടുന്നതില്‍ തടസ്സമില്ല. ഇങ്ങനെ ദൂരത്തേക്ക് ട്രിപ്പ് പോകുന്നവര്‍ തിരിച്ച് ഓട്ടം പിടിക്കാതെ, തന്നെ മടങ്ങണമെന്നാണ് നിയമം. ഇതിനുള്ള റിട്ടേണ്‍ ചാര്‍ജ് ഉള്‍പ്പെടെയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. പെര്‍മിറ്റ് പരിധിയില്‍ ഒരോട്ടത്തിനു പിന്നാലെ ലക്ഷ്യസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്കു പോകാനും പ്രശ്നമില്ല.
പെര്‍മിറ്റ് നിയമലംഘനം നടത്തിയാല്‍ ആദ്യതവണ മൂവായിരം രൂപയാണ് പിഴ. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഏഴായിരം രൂപയായി ഉയരും. കൂടാതെ പെര്‍മിറ്റ് ലംഘനത്തിന് ഓട്ടോറിക്ഷയുടെ രജിസ്ട്രേഷനും റദ്ദാക്കും. എന്നാല്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ആള് കേരള പെര്‍മിറ്റ് ആയതിനാല്‍ ഈ പ്രശ്നമുദിക്കുന്നുമില്ല. അതേസമയം പെര്‍മിറ്റില്ലാതെ അനധികൃതമായി നൂറുകണക്കിന് ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതായി നേരത്തെ കണ്ടെത്തിയതോടെ മൂവായിരം ഓട്ടോകള്‍ നിരത്തിലിറക്കാനുള്ള നടപടികളും മോട്ടോര്‍ വാഹനവകുപ്പ് വേഗത്തിലാക്കി. പെര്‍മിറ്റ് ഉള്ളതും ഇല്ലാത്തതുമായ 7,500 ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. നിലവില്‍ 4,000 ഓട്ടോകള്‍ക്ക് മാത്രമാണ് കൊച്ചിയില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.