കലക്ടറേറ്റിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെൻററാണ് (എൻ.ഐ.സി) ധനസഹായം ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കി നൽകിയത്. കലക്ടറേറ്റിലെ പരിഹാരം സെല്ലിലേക്കാണ് ഇ-മെയിലായി പട്ടിക അയച്ചത്. ഈ പട്ടികയിലുള്ളവരുടെ പേരിൽ ബില്ല് തയാറാക്കി ചെക്ക് സഹിതം ട്രഷറിയിലേക്ക് നൽകി. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയതിൽ എൻ.ഐ.സിയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
2018 പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസത്തിന് എറണാകുളം ജില്ലയിൽ 1,04,484 ഗുണഭോക്താക്കൾക്ക് 413 കോടിയാണ് സർക്കാർ അനുവദിച്ചത്. വീടുകൾക്കുണ്ടായ നാശനഷ്ടത്തിെൻറ തോതനുസരിച്ച് അഞ്ച് കാറ്റഗറിയായി തിരിച്ചാണ് ധനസഹായം വിതരണം ചെയ്യാൻ മാർഗനിർദേശം നൽകിയത്.
തുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി മാത്രമേ നൽകാവൂ എന്നായിരുന്നു സർക്കാർ ഉത്തരവ്. അപ്പീൽ പരിശോധന നടത്താൻ വിരമിച്ച സാങ്കേതിക വിദഗ്ധരെ നിയമിക്കണമെന്നും നിർദേശം നൽകി. എന്നിട്ടും ധനസഹായ വിതരണം സുതാര്യമായില്ല. പട്ടികയിൽ ഉൾെപ്പടെ വൻ അട്ടിമറി അരങ്ങേറി. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിന് നഷ്ടപ്പെട്ടു.
2018 ഡിസംബർ 28 മുതൽ 2020 ജനുവരി 31വരെ കലക്ടറേറ്റിലെ എൻ.ഐ.സി വിഭാഗം ഗുണഭോക്താക്കളുടെ 191 പട്ടിക തയാറാക്കിയതിൽ 1,06,799 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. അതിൽ 136 പട്ടികയിലും അക്കൗണ്ട് നമ്പറുകളുടെ ആവർത്തനം ഉണ്ടായി. ഈ ആവർത്തനം വ്യത്യസ്ത പട്ടികയിലും ഉൾപ്പെട്ടു.
അതായത് എൻ.ഐ.സി തയാറാക്കി നൽകിയ പട്ടികയിലെ 1,06,799 അക്കൗണ്ട് നമ്പറുകളിൽ 6611 എണ്ണം ആവർത്തിച്ചു. അതിൽ 6570 അക്കൗണ്ട് നമ്പറുകൾ രണ്ടു പ്രാവശ്യവും 34 അക്കൗണ്ട് നമ്പറുകൾ മൂന്നു പ്രാവശ്യവും അഞ്ച് അക്കൗണ്ട് നമ്പറുകൾ നാല് പ്രാവശ്യവും രണ്ട് അക്കൗണ്ട് നമ്പറുകൾ ആറ് പ്രാവശ്യവും ആവർത്തിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി.ഏതാണ്ട് 20.12 കോടി നഷ്ടമുണ്ടാക്കും വിധമാണ് പട്ടിക തയാറാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഒരേ അക്കൗണ്ട് ഒന്നിലധികം തവണ; നഷ്ടപ്പെട്ടത് 10.23 കോടി
ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പറുകൾ ഒന്നിലധികം തവണ ഉൾെപ്പടുത്തുക വഴി സർക്കാർ ഖജനാവിന് 10.23 കോടിയുടെ നഷ്ടമുണ്ടായി. അതോടൊപ്പം ഒരേ അക്കൗണ്ട് നമ്പറിൽ വ്യത്യസ്ത തുക ശിപാർശ ചെയ്ത 540 അക്കൗണ്ട് നമ്പറുകൾ കണ്ടെത്തി. 519 എണ്ണം രണ്ട് പ്രാവശ്യവും 21 എണ്ണം മൂന്ന് പ്രാവശ്യവും ആവർത്തിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള അക്കൗണ്ട് നമ്പറുകളിൽ ഗുണഭോക്താവിന് ഏത് തുകക്കാണ് അർഹതയുള്ളതെന്ന് കണ്ടെത്താനായില്ല. 540 അക്കൗണ്ട് നമ്പറിലേക്ക് വിതരണം ചെയ്യാൻ ശിപാർശ ചെയ്യുന്ന തുക 7.07 കോടിയാണ്. ഇതെല്ലാം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സമ്പ്രദായത്തിൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സംവിധാനത്തിൽ അക്കൗണ്ട് നമ്പറുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പരമപ്രധാന ഉത്തരവാദിത്തമായിരുന്നു. സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന വിധത്തിൽ പട്ടിക തയാറാക്കിയതും ആവർത്തിക്കാത്ത വിധത്തിൽ സംവിധാനം ഒരുക്കാത്തതും എൻ.ഐ.സിയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മയാണ്.
എൻ.ഐ.സിയിലെ ഉദ്യോഗസ്ഥർ പട്ടിക തയാറാക്കുന്നതിൽ അഴിമതി നടത്തിയോ എന്ന കാര്യം കണ്ടെത്താനും തുടർ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ഒരേ അക്കൗണ്ട് നമ്പറുകളിൽ മൂന്ന് പ്രാവശ്യം വ്യത്യസ്ത പട്ടികകളിലായി വ്യത്യസ്ത കാറ്റഗറിയിൽ തുക ലഭിക്കുന്ന 20 നമ്പറുകൾ ഉൾപ്പെട്ടതായി കണ്ടെത്തി.
ഒരേ തുക വിതരണം ചെയ്യാൻ തയാറാക്കിയ വ്യത്യസ്ത പട്ടികകളിൽ 5881 അക്കൗണ്ട് നമ്പറുകളുടെ ആവർത്തനവും വ്യക്തമായി. ഇത് കണക്കാക്കിയാൽ സർക്കാർ ഖജനാവിന് 19.82 കോടിയാണ് നഷ്ടം. 19 ഫയലുകളിൽ ഒരേ അക്കൗണ്ട് നമ്പർ അതേ പട്ടികയിൽതന്നെ ആർത്തിച്ച് ഉൾപ്പെടുത്തിയത് വഴി 29.95 ലക്ഷം രൂപയുടെ നഷ്ടം സർക്കാറിനുണ്ടായി.
ചില പട്ടികകൾ പരിശോധിച്ചപ്പോൾ ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട തുക ഏതാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. അവർക്ക് ലഭിച്ച അധികതുക എത്രയാണെന്ന് തിട്ടപ്പെടുത്താനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടികയിൽ ഒന്നിലധികം തവണ ആവർത്തിക്കുന്ന പേരുകൾ റിപ്പോർട്ടിൽ അടിവരയിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഖജനാവിന് കോടികൾ നഷ്ടമാകുന്ന തരത്തിൽ പട്ടികയിൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയത് ആർക്കുവേണ്ടിയെന്നോ അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമെന്നോയെന്ന കാര്യത്തിൽ അന്വേഷണമുണ്ടായില്ല.ഉദ്യോഗസ്ഥർക്കെതിരെ കലക്ടർ തുടർനടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.