പെരുമ്പാവൂർ: മോട്ടോര്‍ വാഹന വകുപ്പിന്റെ ബൊലേറൊ ജീപ്പ് ജപ്തി ചെയ്തതോടെ ഉദ്യോഗസ്ഥരും വാഹന ഉടമകളും ദുരിതത്തിൽ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ സബ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ 26നാണ് വാഹനം ജപ്തി ചെയ്തത്.
ബ്രഹ്മപുരം സ്വദേശി കെ.എന്‍. ശിവശങ്കരന് 2010ൽ നല്കിയ കേസിലാണ് നടപടി.
സ്ഥലമുടമക്ക് നഷ്ടപരിഹാരത്തുക നല്കുന്നതില് വീഴ്ച വരുത്തിയ കേസില്‍ കലക്ടറും കൊച്ചി കോര്പറേന് സെക്രട്ടറിയുമാണ് എതിര് കക്ഷികള്‍. മോട്ടോര്‍ വാഹന വകുപ്പ്, സ്റ്റേറ്റ് ജി.എസ്.ടി വകുപ്പ് എന്നിവയുടെ രണ്ട് വാഹനങ്ങള്‍ വീതവും കുന്നത്തുനാട് താലൂക്ക് ഓഫിസിലെ ഒരു വാഹനവും ഉള്‍പ്പെടെ 34 ലക്ഷം വിലമതിക്കുന്ന വാഹനങ്ങള്‍ ജപ്തി ചെയ്യാനായിരുന്നു ഉത്തരവ്. എന്നാല്‍, നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ബൊലേറൊ ജീപ്പ് മാത്രമാണ് ജപ്തി ചെയ്തിരിക്കുന്നത്.
വാഹനമില്ലാത്തത് ഉദ്യോഗസ്ഥരുടെ ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. അപകടം പറ്റിയ വാഹനങ്ങള്‍ പട്ടാലിലെ ജോയന്റ് ആര്.ടി ഓഫിസിലേക്ക് എത്തിക്കേണ്ട സ്ഥിതിയാണെന്നും ഇത് സാമ്പത്തികമായ ബാധ്യതയുണ്ടാക്കുന്നതായും ഉടമകള്‍ പറയുന്നു. ജപ്തി ചെയ്ത വാഹനം ഈ മാസം അവസാനം ലേലത്തിന് വെക്കാനാണ് തീരുമാനം. ഇതിന്റെ വില സംബന്ധിച്ച റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.