പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയില്‍ പ്രവര്‍ത്തിക്കുന്ന അരി മില്ലില്‍നിന്ന് അവധി ദിവസങ്ങളില്‍ പൊതുതോട്ടിലേക്കും പാടശേഖരങ്ങളിലേക്കും മലിനജലം തുറന്നുവിട്ടതായി ആക്ഷേപം. ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലം പുറന്തള്ളിയെന്നും തലപ്പുഞ്ചയിലെ കുടിവെള്ള സ്രോതസ്സുകളും ഉറവുചാലുകളും ഭീഷണിയിലാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
തലപ്പുഞ്ച മഹാദേവ ക്ഷേത്രം, വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രം, ചെറുകുന്നം മാര്‍ ബസേലിയോസ് ചാപ്പല്‍ തുടങ്ങിയ ആരാധനാലയങ്ങളുടെ കുടിവെള്ള സ്രോതസ്സും നീര്‍ച്ചാലിന് സമീപത്തുള്ള നൂറുകണക്കിന് കിണറുകളുടെ ഉറവുചാലും തലപ്പുഞ്ച നീര്ച്ചാല്വഴി പ്രവഹിക്കുന്ന ശുദ്ധജലവും പാടശേഖരങ്ങളുടെ ഉറവുചാലുകളില് ആഴ്ന്നിറങ്ങുന്ന ശുദ്ധജലവുമാണ്. വായ്ക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കണ്ണഞ്ചേരിമുകള്‍ കുടിവെള്ള പദ്ധതി എന്നിവയുടെ ജലസോതസ്സും തലപ്പുഞ്ചയില്നിന്നും ഉത്ഭവിക്കുന്ന ഈ നീര്‍ച്ചാലാണ്.
അശമന്നൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലാണ് പരിസര മലിനീകരണമുണ്ടാക്കുന്ന അരി മില്ല്. മുമ്പ് പൊതുതോടുകളിലേക്കും പാടശേഖരങ്ങളിലേക്കും പുരയിടങ്ങളിലേക്കും മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നാട്ടുകാര്‍ വിവിധ വകുപ്പുകളില്‍ ഭീമഹരജികള്‍ സമര്‍പ്പിച്ചിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മലിനജലം ഒഴുക്കിയത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധന ഉത്തരവ് നല്കി.
എന്നാല്‍, പാടശേഖരങ്ങള്‍ക്ക് സമീപം ദൂരപരിധി ലംഘിച്ച് സ്ഥിതി ചെയ്യുന്ന ആഴമേറിയ മലിനജല ടാങ്കുകള്‍ ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാത്ത കമ്പനിയുടെ നിരോധന ഉത്തരവ് അകാരണമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പിന്‍വലിച്ചതില്‍ ജനരോഷം വ്യാപകമാണ്.
നിരോധനം പിന്‍വലിച്ച് ദിവസങ്ങള്‍ക്കകം സമീപത്തെ പുരയിടങ്ങളിലേക്ക് അരിമില്ലില്‍ നിന്നും രാസമലിനജലം തുറന്നു വിട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും പഞ്ചായത്തില്‍ ഭീമഹരജി സമര്‍പ്പിച്ചു.
ഹരജിയും അനുബന്ധ രേഖകളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ പഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മലിനജലം ഒഴുക്കിയത് നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു.
അന്വേഷണ റിപ്പോര്‍ട്ട് പഞ്ചായത്തില്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയാറായിട്ടില്ല. വീണ്ടും മലിനജലം തുറന്നുവിട്ടതിനെതിരെ കലക്ടര്‍, ബാലാവകാശ കമീഷന്, വനിത കമീഷന് എന്നിവര്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.