പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ ഏഴ് നേതാക്കള്‍ക്കെതിരെയുള്ള കടുത്ത നടപടിയില്‍ ഉള്‍പ്പെട്ടവരെല്ലാം പ്രമുഖര്‍. നഗരസഭയിലും ആറ് പഞ്ചായത്തുകളിലും പാര്‍ട്ടി നയിച്ചവർക്കെതിരെ സസ്പെൻഷൻ വന്നതോടെ ഇനിയാര് നയിക്കുമെന്ന ചോദ്യം പോലും ഉയര്‍ന്നു കഴിഞ്ഞു.
ആദ്യം ജില്ല സെക്രേട്ടറിയറ്റംഗം എന്‍.സി. മോഹനനെതിരെയും ഏരിയ കമ്മിറ്റി അംഗമായ സി.ബി.എ ജബ്ബാറിനെതിരെയുമായിരുന്നു നടപടിയെങ്കില്‍ ഇത്തവണ ആറു പേര് കൂടി നടപടിക്കിരയായി. പാര്‍ട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. സോമന്, വി.പി. ശശീന്ദ്രന് എന്നിവര്‍ക്ക് പുറമെ ഏരിയ സെക്രട്ടറി പി.എം. സലീം, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ഐ. ബീരാസ്, സാജു പോള്‍, ആര്.എം. രാമചന്ദ്രന് എന്നിവര്‍ക്കെതിരെയും നടപടിയെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിലെ ബാബു ജോസഫിെൻറ തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ ഉത്തരവാദികളെന്ന് കണ്ടെത്തിയാണ് നടപടി. തോല്‍വി ഏറ്റുവാങ്ങിയ ബാബു ജോസഫ് പരസ്യമായി രംഗത്തു വന്നിരുന്നുവെന്ന് മാത്രമല്ല ലക്ഷങ്ങള്‍ നേതാക്കള്‍ വാങ്ങിയെന്ന് കണക്കുകള്‍ നിരത്തി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സി.എം. ദിനേശ് മണി, പി.എം. ഇസ്മയില്‍ എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചത്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ നേതാക്കള്‍ക്ക് എതിരായിരുന്നു.
രായമംഗലം, വേങ്ങൂര്‍, വെങ്ങോല പഞ്ചായത്തുകളിലും നഗരസഭയിലും പ്രതീക്ഷച്ചത്ര വോട്ടുകള്‍ നേടാനായില്ലെന്നത് അട്ടിമറിയുടെ ഭാഗമാണെന്ന വിലയിരുത്തലാണുണ്ടായത്. നടപടിയില്‍ സംതൃപ്തരാകാത്ത ചില നേതാക്കള്‍ അണികളുടെ അമര്‍ഷം പാര്‍ട്ടിയുടെ ജില്ല നേതൃത്വത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.