പെരുമ്പാവൂര്‍: കാലടിയിൽ പുതിയ പാലം യാഥാര്‍ഥ്യമാക്കുക ആവശ്യവുമായി ഒക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് മനോജ് തോട്ടപ്പള്ളി നയിക്കുന്ന 'ഒക്കല്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ 240 കിലോമീറ്റര്‍' സൈക്കിള്‍ യാത്ര ആരംഭിച്ചു. അങ്കമാലി-തിരുവനന്തപുരം എം.സി റോഡില്‍ അരനൂറ്റാണ്ട് മുമ്പ് പണിത കാലടി പാലം തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാബു മൂലനും ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. രാജേഷും ഉള്‍പ്പെടെ 12 പേരാണ് സൈക്കിള്‍ യാത്രയിലുള്ളത്. യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ എം.പിമാര്‍, എം.എല്‍.എമാര്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്വീകരണം നല്‍കും.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേരുന്ന യാത്രയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ നേതൃത്വത്തില്‍ എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പള്ളി, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് സമാന്തരപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ കൈമാറും.
ഞായറാഴ്ച രാവിലെ ആറിന് ഒക്കലില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ്ഓഫ് ചെയ്തു. കോണ്‍ഗ്രസ് ഒക്കല്‍ മണ്ഡലം പ്രസിഡൻറ് ടി.ആര്. പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഷാജി സലീം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.ജെ. ബാബു, പഞ്ചായത്ത് അംഗങ്ങളായ ടി.എന്‍. മിഥുന്, ഇ.എസ്. സനില്‍, കെ.എം. മുഹമ്മദ് ഷിയാസ്, രാജേഷ് മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.