പെരുമ്പാവൂര്‍: കൂവപ്പടി അഭയഭവന്റെ സ്നേഹ പരിചരണത്തില്‍ റോബര്‍ട്ടിന് ഓര്‍മയും ഒപ്പം ഉറ്റവരെയും കിട്ടി. ഊട്ടി സ്വദേശിയായ റോബര്‍ട്ട് അഭയഭവനിലെത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞുനടന്ന ഇയാളെ അന്നത്തെ പെരുമ്പാവൂര്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുലേഖ ഗോപാലകൃഷ്ണനും നാട്ടുകാരും ചേര്‍ന്നാണ് അഭയഭവനിലെത്തിച്ചത്. രണ്ടുവര്‍ഷത്തോളം ഇവിടെ താമസിച്ചു. ഇവിടെ എത്തുമ്പോള്‍ ഓര്മ തീരെ ഇല്ലായിരുന്നു. മാനസികനില പൂര്‍ണമായും തകരാറിലുമായിരുന്നു.
അഭയഭവനിലെ പരിചരണങ്ങള്‍ക്കൊടുവില്‍ റോബര്‍ട്ടിന് ഓര്മ തിരിച്ചുകിട്ടി. മനസ്സിന്റെ താളപ്പിഴകള്‍ മാറി പൂര്‍ണസുഖം പ്രാപിച്ചു. ജനിച്ചുവളര്‍ന്ന നാടിനെയും സ്വന്തക്കാരെയും ഓര്‍ത്തെടുത്തു. അഭയഭവന് മനേജിങ് ഡയറക്ടര്‍ മേരി എസ്തപ്പാനോട് വീട്ടിലേക്ക് തിരികെ പോകണമെന്ന് പറഞ്ഞ് മേല്‍വിലാസം നല്കി. ഉടന്‍ പറഞ്ഞ മേല്‍വിലാസത്തിലേക്ക് കത്തയച്ചു. ദിവസങ്ങള്‍ക്കകം റോബര്‍ട്ടിനെ കൊണ്ടുപോകാന്‍ ഉടന്‍ വരാം എന്ന മറുപടി എത്തി. കത്തു കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും മാമ്മന്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയതെന്നും മരുമകള്‍ ബസീല എഴുതിയ മറുപടി റോബര്‍ട്ടിനെ സനാഥനാക്കി. ചൊവ്വാഴ്ച റോബര്‍ട്ടിന്റെ സഹോദരിയും സഹോദരിയുടെ മകളും അഭയഭവനിലെത്തി. നടപടിക്രമം പൂര്‍ത്തിയാക്കി മേരിയോടും ജീവനക്കാരോടും നന്ദിയും പറഞ്ഞ് റോബര്‍ട്ട് ഊട്ടിയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.