കീഴില്ലത്ത്​ തകർന്ന വീടിന്‍റെ അ​ടി​ഭാ​ഗം ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് പ​തി​ച്ച നിലയിൽ

അപകടത്തിൽ നടുങ്ങി കീഴില്ലം

പെരുമ്പാവൂർ: വ്യാഴാഴ്ച പുലർച്ച വിശ്വസിക്കാനാകാത്ത ദുരന്ത വാർത്തയാണ് പെരുമ്പാവൂർ കീഴില്ലത്തെ വിളിച്ചുണർത്തിയത്. കീഴില്ലം അമ്പലംപടിയിൽ കാവിൽതോട്ടം ഇല്ലം ഈശ്വരൻ നമ്പൂതിരിയുടെ ഇരുനില വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് പതിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്ത. കേട്ടവർ സംഭവസ്ഥലത്തേക്ക് പാഞ്ഞു.

അഗ്നിരക്ഷ സേനയെ വിവരം ധരിപ്പിക്കും മുമ്പ് സ്ഥലത്തെത്തിയവർ മണ്ണിനടിയിൽപെട്ടവരെ പുറത്തെടുക്കാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു. ഇതിനിടെ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി.പുലർച്ച ഉറക്കമുണരുന്ന ഈശ്വരൻ നമ്പൂതിരിയും കുടുംബവും സാധാരണപോലെ ജോലികളിൽ സജീവമാകുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെനില തകർന്നത്. വീടിന്റെ ടെറസിലും മുകൾനിലയിലുമായിരുന്ന ഈശ്വരൻ നമ്പൂതിരിയുടെ ഭാര്യ സിന്ധുവും പെൺകുട്ടികളായ ദേവികയും പാർവതിയും ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

ദമ്പതികളുടെ ഏക ആൺതരി ഹരിനാരായണൻ മുത്തച്ഛൻ നാരായണൻ നമ്പൂതിരി കിടന്നിരുന്ന കട്ടിലിന് സമീപത്ത് കസേരയിലിരുന്നത് വിധിയുടെ ക്രൂരതയായി.കലക്ടർ, അസിസ്റ്റന്റ് കലക്ടർ, ദുരന്തനിവാരണ സേന, മണ്ണ് പരിശോധന വിഭാഗം തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി. വീട് ഇടിയാനുള്ള കാരണമെന്തെന്ന പരിശോധനകൾ നടക്കുകയാണ്. മഴയെ തുടർന്ന് ഭിത്തികൾക്കുണ്ടായ നനവാണ് തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇക്കാര്യം ചൂണ്ടിക്കാട്ടി തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകി. അടിയിലെ മണ്ണിന് വിള്ളൽ വീണ് ഭൂമിക്കടിയിലേക്ക് കെട്ടിടത്തിന്റെ അടിഭാഗം പതിക്കുകയായിരുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് തഹസിൽദാർ അറിയിച്ചു. ഹരിനാരായണന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണ് വിവരം.

കുന്നത്തേരി ദുരന്തത്തിന്‍റെ ഓർമയിൽ നാട്ടുകാർ 

ആലുവ: പെരുമ്പാവൂർ കീഴില്ലത്ത് കെട്ടിടം ഇടിഞ്ഞുതാഴ്ന്ന് കുട്ടി മരിച്ച സംഭവം വർഷങ്ങൾ മുമ്പുണ്ടായ കുന്നത്തേരി ദുരന്തത്തെ ഓർമിപ്പിക്കുന്നത്. കുന്നത്തേരിയിൽ 2014 ആഗസ്റ്റ് ആറിന് കെട്ടിടം ഭൂമിയിലേക്ക് ഇരുന്നാണ് ദുരന്തമുണ്ടായത്. കെട്ടിടയുടമ കുന്നത്തേരി തരകപ്പീടികയിൽ ഷാജഹാൻ (ഷാജി -42), ഭാര്യ സൈഫുന്നിസ (38), മകൾ സ്വാലിഹ (ആയിഷ -13) എന്നിവരാണ് അന്ന് മരിച്ചത്.

മകൻ സാബിർ മാത്രമാണ് ആ വീട്ടിൽ മരണത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. താഴ്ന്നുപോയ കെട്ടിടത്തിന്‍റെ മുകൾ നിലയിലായിരുന്ന സാബിറിനെ നാട്ടുകാർ ഒച്ചവെച്ച് സമീപ കെട്ടിടത്തിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടം ഒരുവശത്തേക്ക് താഴ്ന്നുപോയതോടെ ദുരന്തം നടന്ന രാത്രിയും പിറ്റേന്ന് പുലർച്ചയുമായാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

നിർമാണത്തിലെ അപാകതയും പ്രദേശത്തെ ഭൂപ്രകൃതിയും വെള്ളക്കെട്ടും കെട്ടിടത്തിന്‍റെ ബലക്ഷയത്തിന് കാരണമായെന്നായിരുന്നു കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത കെട്ടിടം നോക്കിനിൽക്കേ നിമിഷനേരംകൊണ്ട് ഭൂമി വിഴുങ്ങുന്നതിന് സാക്ഷിയായ നാട്ടുകാരുടെ ഞെട്ടൽ ഇന്നും മാറിയിട്ടില്ല. താഴത്തെ നിലയിൽ എൻജിനീയറിങ് വർക്ക്ഷോപ്പും ഫ്ലവർ മില്ലുമാണ് പ്രവർത്തിച്ചിരുന്നത്. മുകളിലെ രണ്ട് നിലകളിലായാണ് കുടുംബം താമസിച്ചിരുന്നത്. ഏറെനാൾ പ്രവാസജീവിതം നയിച്ച ഷാജഹാൻ പലകാലങ്ങളിലായാണ് വീടുൾപ്പെടുന്ന ഈ കെട്ടിടം നിർമിച്ചത്.

Tags:    
News Summary - keezhillam was shaken by the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.