പെരുമ്പാവൂര്‍: താലൂക്കാശുപത്രിയില്‍ രാത്രികാലങ്ങളില്‍ എത്തുന്ന രോഗികളെ അവഗണിച്ച് വൈദ്യ പരിശോധനക്ക് കൊണ്ടുവരുന്ന പ്രതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ആക്ഷേപം. പലപ്പോഴും ഇവിടെ രാത്രി ഡ്യൂട്ടിക്ക് ഒരു ഡോക്ടറാണുള്ളത്.
നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലേയും നിരവധി രോഗികളാണ് രാത്രികാലങ്ങളില്‍ ചികില്‍സക്ക് എത്തുന്നത്. എന്നാല്‍, അവശരായി എത്തുന്ന രോഗികളെ അവണിച്ച് വൈദ്യപരിശോധനക്ക് പ്രതികളെ കൊണ്ടുവരുന്ന പൊലീസുകാര്‍ക്ക് പരിഗണന കൊടുക്കുകയാണെന്നാണ് ആരോപണം. തിങ്കളാഴ്ച രാത്രി ഇത് ബഹളത്തിനിടയാക്കി.
പ്രദേശത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കൊണ്ടുവന്ന പ്രതികളെ ഡോക്ടര്‍ പരിഗണിച്ചതാണ് ബഹളത്തിനിടയാക്കിയത്. പ്രതികളുടെ പരിശോധന കഴിയും വരെ രോഗികള്‍ കാത്തുനില്‍ക്കേണ്ടതായി വന്നു. പനി ബാധിച്ച കുട്ടികളെയും പെട്ടെന്നുണ്ടായ രോഗങ്ങളുമായി എത്തിയവരേയും അവണിക്കുകയായിരുന്നു. ഈ സമയമത്രയും രോഗികള്‍ ക്യൂ നില്‍ക്കേണ്ട ഗതികേടായി. അടിയന്തിര ചികില്‍സ ലഭിക്കേണ്ടവരും അവഗണിക്കപ്പെട്ടതായി പരാതിയുണ്ട്.
കോടതിയില്‍ ഹാജരാക്കും മുമ്പുള്ള ആരോഗ്യ പരിശോധനക്കാണ് പ്രതികളെ കൊണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ പരസഹായമില്ലാതെ നില്ക്കാന് പോലും കഴിയാത്ത രോഗികളെ അവഗണിക്കുന്നത് അനീതിയായി ചൂണ്ടികാണിക്കപ്പെടുന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ഗവ. ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം രാത്രിയില്‍ ഇല്ല. സ്വകാര്യ ആശുപത്രിയില്‍ വലിയ തുക ചെലവ് വരുമെന്നതിനാല്‍ സാധരണക്കാരന്റെ ആശ്രയമാണ് താലൂക്കാശുപത്രി.
നിയോജക മണ്ഡലത്തിലെ എല്ലാ സ്റ്റേഷനുകളിലും അന്തര്‍ സംസ്ഥാനക്കാര്‍ ഉള്‍പ്പടെ പ്രതിയാകുന്ന കേസുകള്‍ ദിവസവും ചാര്‍ജ് ചെയ്യപ്പെടുന്നുണ്ട്. മിക്കപ്പോഴും നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കോടതി സമയം പിന്നിടും. പിന്നീട് ഇവരെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയാണ് പതിവ്.
താലൂക്കാശുപത്രിയില്‍ പകല്‍ സമയത്ത് പോലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന മുറുമുറുപ്പ് നിലനില്‍ക്കുകയാണ്. ഡ്യൂട്ടിയിലുള്ള ആള്‍ക്ക് രോഗികളെയും പ്രതികളേയും പരിശോധിക്കേണ്ട ഗതികേടാണ്. ഈ സാഹചര്യത്തില്‍ രാത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.