പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-ആലുവ കെ.എസ്.ആര്.സി റൂട്ടില്‍ സ്കൂള്‍ സമയങ്ങളില്‍ ബസുകളില്ലാത്തത് വിദ്യാര്‍ഥികളെ വലക്കുന്നു. രാവിലെ എട്ടുമുതല്‍ 10വരെയും വൈകീട്ട് മൂന്ന് മുതല്‍ 5.30 വരെയും സര്‍വിസ് ഇല്ലെന്നാണ് ആക്ഷേപം. മൂന്ന് വര്‍ഷത്തോളമായ ദുരിതത്തിന് പരിഹാരമില്ലാതെ തുടരുകയാണെന്നും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. കോവിഡിന് മുമ്പ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് രണ്ട് മിനി ബസുകള്‍ പെരുമ്പാവൂര്‍ ഡിപ്പോയില്‍ എത്തിച്ച് സ്കൂള്‍ സമയങ്ങളില്‍ സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, പിന്നീട് അതും നിര്‍ത്തലാക്കി. പെരുമ്പാവൂരിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലും കോളജുകളിലും തോട്ടുമുഖം, മാറമ്പിള്ളി, മഞ്ഞപ്പെട്ടി, മുടിക്കല്‍, വഞ്ചിനാട് ഉള്‍പ്പടെ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലുള്ളവര്‍ കൃത്യസമയത്ത് ജോലിക്കെത്താന്‍ ആശ്രയിക്കുന്നതും കെ.എസ്.ആര്.സി ബസുകളാണ്. ഇവര്‍ക്ക് പെരുമ്പാവൂരിലേക്കും തിരിച്ച് വീടുകളിലേക്കും എത്തണമെങ്കില്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോള്‍.
വൈകുന്നേരങ്ങളില്‍ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിക്ക് മുന്നിലെ സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് ബന്ധപ്പെട്ട അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
കണ്ടക്ടര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് സര്‍വിസുകള്‍ നടത്താനാകാത്തതെന്നാണ് കെ.എസ്.ആര്.ടി.സി അധികൃതരുടെ വിശദീകരണം. ഇടക്ക് സര്‍വിസ് നടത്തിയിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ കുറവുചെയ്തതും പ്രതിസന്ധിയാണ്. കൂടുതല്‍ ബസുകള്‍ ഓടിക്കാൻ നടപടി സ്വീകരിച്ച് യാത്രക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.