പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്ത് തലപ്പുഞ്ചയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കെമിക്കൽ കമ്പനിക്കെതിരെ പ്രതിഷേധമുയരുന്നു. റെഡ് കാറ്റഗറിയിൽ വരുന്ന അനധികൃത രാസശാലക്കെതിരെ പ്രദേശവാസികൾ അധികൃതർക്ക് ഭീമഹരജി നൽകി.
വാർഡ് 12ൽ ഉള്‍പ്പെട്ട ഉദയക്കവല- പുളിഞ്ചോട് പഞ്ചായത്ത് റോഡിന് അരികിൽ അണ്ടിമറ്റം പ്രദേശത്താണ് അനധികൃതമായി ക്ലാമ്പ് ഗാൽവനൈസേഷൻ ശാല സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് നൽകിയ വർക്ക്ഷോപ് ലൈസന്‍സിന് വിരുദ്ധമായി ഹൈഡ്രോക്ലോറിക് ആസിഡ്, സിങ്ക് ക്ലോറൈഡ് എന്നിവ ഉള്‍പ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് വന്‍തോതിൽ ക്ലാമ്പ് ഗാൽവനൈസേഷൻ പ്രക്രിയ നടത്തിവരുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. രാസസംസ്കരണ സംവിധാനം സ്ഥാപനത്തിലില്ല. അനുമതിയില്ലാതെ വൻതോതിൽ കെമിക്കലുകൾ സൂക്ഷിച്ചിരിക്കുകയാണ്.
കെമിക്കൽശാലയിൽനിന്ന് പുറംതള്ളുന്ന ചുവപ്പു കലർന്ന രാസദ്രവ മാലിന്യം സമീപത്തെ വയലിൽ തുറസായ സ്ഥലത്ത് കുഴിയെടുത്ത് തള്ളുന്നതായി പ്രദേശവാസികൾ പറയുന്നു. ഇത് ഒഴുകിയെത്തുന്നത് ശുദ്ധജലമൊഴുകുന്ന വലിയ തോട്ടിലേക്കാണ്. കമ്പനിയുടെ അരികിലൂടെ തോട് എത്തിച്ചേരുന്നത് തലപ്പുഞ്ചയിലെ പ്രധാന ജലസ്രോതസ്സായ അമച്ചിറയിലാണ്.
അശമന്നൂര്‍, രായമംഗലം, വേങ്ങൂര്‍, മുടക്കുഴ, കൂവപ്പടി പഞ്ചായത്തുകളിലെ വായ്ക്കര, ചെറുകുന്നം, തുരുത്തി, മുടക്കുഴ, കുറിച്ചിലക്കോട്, പ്ലാങ്കുടി പ്രദേശത്തുള്ള ഒട്ടേറെ പാടശേഖരങ്ങള്‍ക്കും ഈ ജലമാണ് പ്രയോജനപ്പെടുന്നത്. രാസമാലിന്യംമൂലം കിണറുകൾ മലിനമാകുന്ന സ്ഥിതിയിലാണ്. ലൈസന്‍സ് നിബന്ധന ലംഘിച്ച് പ്രവര്‍ത്തനം തുടരുന്ന അനധികൃത കെമിക്കൽ കമ്പനി അടച്ചുപൂട്ടണമെന്നും നിലവിൽ നല്‍കിയിരിക്കുന്ന വർക്ക്ഷോപ് ലൈസന്‍സ് റദ്ദാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.