പെരുമ്പാവൂര്‍: അമ്മ ഓർമയായി മൂന്നുവര്‍ഷം പൂര്‍ത്തിയായ നാളില്‍ സ്നേഹത്തിന്റെ ആത്മാവിഷ്കാരമായി മകന് കാന്‍വാസ് ബോര്‍ഡില്‍ നൂലിഴകള്‍ പാകിത്തീര്ത്തത് ബ്ലാക്ക് ആൻഡ് വൈറ്റ് ഓര്‍മചിത്രം. കുറുപ്പംപടി തട്ടാംപുറംപടിയിലെ കോട്ടപ്പുറത്ത് വീട്ടില്‍ സി.കെ. രജീഷാണ് 5,000 മീ. കറുത്ത നൂൽകൊണ്ട് അമ്മ അമ്മിണിയുടെ ദീപ്തസ്മരണ പുതുക്കിയത്. 73ാം വയസ്സില്‍ ഹൃദയാഘാതം കാരണമായിരുന്നു അമ്മയുടെ മരണം. മാതാവിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി നൂല്ചിത്രം നിര്‍മിക്കാൻ മനസ്സില്‍ തോന്നിയത് പെട്ടെന്നായിരുന്നു. ഏഴുദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 15 മണിക്കൂറോളം ഇതിനായി മാറ്റിവെച്ചു. രണ്ടരയടി സമചതുരത്തിലുള്ള വെളുത്ത കാന്വാസിന് ചുറ്റും കൃത്യമായി ആണിയടിച്ച് പലയിടങ്ങളില്‍ നിന്നായി അതില്‍ നൂല് ബന്ധിച്ചാണ് ചിത്രം രൂപകൽപന ചെയ്തത്. മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ അമ്മയുടെ രൂപം, ഒരു രേഖാചിത്രത്തിലെന്നപോലെ നൂലിഴകളിലൂടെ കാന്‍വാസിലേക്ക് പകര്‍ത്തി. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത രതീഷിന്റെ ശ്രമം പക്ഷേ, വിജയംകണ്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുന്ന ഭാര്യ ആതിരയുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. മൂന്നാം ചരമവാര്‍ഷിക ദിനത്തിലാണ് കുടുംബാംഗങ്ങൾക്കു മുന്നിൽ രജീഷ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രകലയിലും ശിൽപകലയിലും കഴിവുതെളിയിച്ച രജീഷ് നർത്തകൻ കൂടിയാണ്. കൊറോണക്കാലത്തിന് മുമ്പുവരെ സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു. േഫ്ലാർ ടൈല്‍ പണിയാണ് ജീവിതമാര്‍ഗം. പണിയില്ലാത്ത ദിവസങ്ങളില്‍ കരകൗശലപ്പണികളിലേര്പ്പെടും. ആവശ്യക്കാര്‍ പറയുന്നതനുസരിച്ചുള്ള എന്തും നിര്‍മിച്ചുനല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.