പെരുമ്പാവൂര്‍: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ശുചിത്വ പരിപാലനത്തിനും നടപടികള്‍ സ്വീകരിക്കാന്‍ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു. ഇതിന് മുന്നോടിയായി വരുത്തേണ്ട ഗതാഗത പരിഷ്കാരങ്ങൾ നഗരസഭ യോഗം ചര്‍ച്ച ചെയ്തു.
ആവശ്യത്തിന് പൊലീസ് ഇല്ലാത്ത പ്രശ്നം പരിഹരിക്കാന്‍ സ്പോണ്‍സര്‍ഷിപ് അടിസ്ഥാനത്തില്‍ പ്രധാന സ്ഥലങ്ങളില്‍ ട്രാഫിക് വാര്ഡന്മാരെ നിയോഗിക്കും. യാത്രി നിവാസിന്റെയും ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയുടെയും പിന്നിലെ റോഡിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിന് നടപടിയെടുക്കും.
വെജിറ്റബിള്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ താല്‍ക്കാലിക മീഡിയന് നിര്‍മിക്കുന്നതിനും സീബ്രാ ലൈന്‍, യെല്ലോ ബോക്സ് തയാറാക്കാനും ടൗണ്‍ മസ്ജിദിന്റെ മുന്‍വശത്തെ റോഡില്‍ സീബ്രാ ലൈനുകള്‍ വരക്കുന്നതിനും ഔഷധി ജങ്ഷനില്‍ ശാസ്ത ക്ഷേത്രത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ തിരികെ സിവില്‍ സ്റ്റേഷന് വഴി പോകുന്നതിന് താല്‍ക്കാലിക ബാരിക്കേഡ് വെക്കുന്നതിനും തീരുമാനിച്ചു.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിന് വലകൊണ്ടുള്ള ബോക്സ് സ്ഥാപിക്കും. ക്ഷേത്രത്തിനോട് ചേര്‍ന്ന പ്രദേശത്ത് ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിന് നഗരസഭയില്‍ നിന്നും ഒരു കണ്ടിജന്റ് ജീവനക്കാരനെ നിയോഗിക്കും.
മുനിസിപ്പല്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.എസ്.പി അനുജ് പലിവാല്‍ ഉൾപ്പെടെയുള്ളവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.