പെരുമ്പാവൂർ: നഗരത്തിലെ സുഭാഷ് മൈതാനം സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നു. വേണ്ടത്ര പരിചരണമില്ലാതെ കിടക്കുന്ന മൈതാനവും സ്റ്റേജും രാവിലെ മുതൽ മയക്കുമരുന്ന് കച്ചവടക്കാരും ലഹരി ഉപയോഗിക്കുന്നവരും കൈയടക്കുകയാണ്.
വേദിയോട് ചേര്‍ന്ന ടോയ്ലറ്റും ഗെസ്റ്റ് റൂമും വൃത്തിഹീനമാക്കി. സ്റ്റേജും ഇതിന് പിന്നിൽ കൂട്ടിയിട്ടിരിക്കുന്ന കോണ്‍ക്രീറ്റ് പൈപ്പുകളുമാണ് മദ്യപാനത്തിനും വിശ്രമത്തിനുമെല്ലാം ഉപയോഗിക്കുന്നത്. നഗരസഭ കാര്യലയത്തിന് മുന്നിലുള്ള മൈതാനത്ത് എന്ത് നടക്കുന്നുവെന്നുപോലും ഉത്തരവാദിത്തപ്പെട്ടവർ അന്വേഷിക്കുന്നില്ലെന്നാണ് ആക്ഷേപം.
മയക്കുമരുന്നിനെതിരെ പൊലീസ് നഗരത്തിൽ പരിശോധന വ്യാപകമാക്കിയതോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തും ബിവറേജസ് പരിസരത്തും പി.പി റോഡിലും തങ്ങിയിരുന്ന അന്തർസംസ്ഥാനക്കാരായ ലഹരി മാഫിയ സംഘങ്ങളിൽ ചിലർ സ്റ്റേഡിയത്തിലേക്ക് ചേക്കേറി.
മൈതാനത്തിന്റെ മുൻവശത്തെ ഗേറ്റ് മാത്രമാണ് പൂട്ടിയിരിക്കുന്നത്. ടി.ബി റോഡിൽനിന്നുള്ള പ്രവേശന വഴി തുറന്നുകിടക്കുകയാണ്. ഇതിലെയാണ് പകലും രാത്രിയും ആളുകൾ കയറുന്നത്. ചിലർ യാത്രിനിവാസിൽനിന്ന് നഗരസഭയുടെ വാടക കെട്ടിടത്തിലേക്ക് കയറുന്ന ഇടനാഴിയിലൂടെ കടന്ന് മതിൽ ചാടി മൈതാനത്തേക്ക് പ്രവേശിക്കുന്നുണ്ട്. പാർക്കിങ് അനുവദിച്ചിട്ടില്ലെങ്കിലും നിരവധി കാറുകൾ പാര്‍ക്ക് ചെയ്യുന്നു.
രാവിലെ മുതൽ ചില്ല് ഉയർത്തിയിട്ട നിലയിൽ കിടക്കുന്ന ചില കാറുകളിൽ ആളുകളുണ്ടാകും. ഓണ്‍ലൈൻ വഴി ഭക്ഷണം എത്തിക്കുന്നവരും ബൈക്കുകളുമായി സ്റ്റേജിന് സമീപത്ത് തങ്ങുന്നുണ്ട്.
കഴിഞ്ഞകാലങ്ങളിലെ നഗരസഭ ഭരണസമിതികൾ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച മൈതാനം വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നത്. വശങ്ങളിൽ കാടുകയറി കിടക്കുന്നതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങൾ ആളുകളുടെ ശ്രദ്ധയില്‍ പതിയില്ലെന്ന് സമീപത്തുള്ളവർ പറയുന്നു.
മൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഗവ. ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്കൂൾ. മൈതാനം ക്രിമിനലുകള്‍ക്ക് തങ്ങാനുള്ള ഇടമാക്കിയാൽ വിദ്യാര്‍ഥിനികള്‍ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.