പെരുമ്പാവൂര്‍: ഡോക്ടറുടെ അപകട മരണത്തില്‍ മനംനൊന്ത് രോഗികളും നാട്ടുകാരും. ഒക്കല്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായിരുന്നു കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടിൽ ഡോ. ക്രിസ്റ്റി ജോസ്. മൂന്ന് വര്‍ഷമായി ഇവിടെ സേവമനുഷ്ഠിക്കുന്നു. രാവിലെ നേരത്തേ എത്തി വൈകീട്ട് ഡ്യൂട്ടി സമയത്തിനുശേഷവും കാത്തിരിക്കുന്ന രോഗികളെ പരിഗണിക്കുന്നത് ഇവരുടെ പ്രത്യേകതയായിരുന്നു. പ്രമേഹം, വാതം, സ്ത്രീ രോഗങ്ങള്‍ എന്നിവക്ക് ഡോക്ടര്‍ നിർദേശിച്ചിരുന്ന ആയുര്‍വേദ മരുന്നുകള്‍ ഫലവത്തായിരുന്നുവെന്ന് രോഗികള്‍ പറയുന്നു.
ആശുപത്രിയില്‍ മരുന്നുകള്‍ തീരുന്നതിന് മുമ്പ് എത്തിക്കാനുള്ള കാര്യത്തില്‍ ശ്രദ്ധചെലുത്തി. കോവിഡ് കാലത്ത് എല്ലാ ദിവസവും ആശുപത്രിയില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കിയത് ആശ്വാസമായിരുന്നതായി നാട്ടുകാര്‍ ഓര്‍ക്കുന്നു.
പഞ്ചായത്ത് 10 ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണ സമയത്തുണ്ടായ കാലതാമസം പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു. ആശുപത്രിയിലേക്കും തിരിച്ചുമുള്ള ഡോക്ടറുടെ യാത്ര കാലടി വഴിയായിരുന്നു. കാലടി പാലത്തിലെ ഗതാഗതക്കുരുക്ക് മൂലം ആശുപത്രിയിലെത്തുന്നത് വൈകാന്‍ കാരണമാകുമെന്ന ആശങ്കയില്‍ പലപ്പോഴും കിലോ മീറ്ററുകള്‍ നടന്നാണ് എത്തിയിരുന്നത്. ഇതിനിടെയാണ് വ്യാഴാഴ്ച വല്ലം കടവ്-പാറപ്പുറം പാലം തുറന്നത്.
വേഗത്തില്‍ എത്താനാകുമെന്ന ആശ്വാസത്തിലാണ് വഴി നിശ്ചയമില്ലാത്തതുകൊണ്ട് ശനിയാഴ്ച പിതാവ് ജോസിനൊപ്പം സ്കൂട്ടറിൽ പുറപ്പെട്ടത്. എതിരെ വന്ന ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം.
ഒക്കല്‍ പൗരസമിതി വാട്സ്ആപ്പ് ഗ്രൂപ്പില്‍ സജീവമായിരുന്ന ഡോക്ടറുടെ വിയോഗത്തില്‍ ഭാരവാഹികളും, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും അനുശോചിച്ചു. ടിപ്പര്‍ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.