പെരുമ്പാവൂര്‍: സിഗ്നല്‍ ജങ്ഷനിലെ വാഹനാപകടത്തില്‍ തകര്‍ന്ന ട്രാഫിക് കണ്ട്രോള് യൂനിറ്റ് റൂം നിര്‍മാണം വൈകുന്നതായി ആക്ഷേപം. ഒരാഴ്ച മുമ്പ് പുലര്‍ച്ച ടൂറിസ്റ്റ് ബസും നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യൂനിറ്റ് റൂം തകര്‍ന്നത്.
ആറു മണിക്കൂറോളം രണ്ട് പൊലീസുകാര്‍ പൊരിവെയിലേറ്റ് ജോലി ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍. ആലുവ-മൂന്നാര്‍ റോഡും ചാലക്കുടി-മൂവാറ്റുപുഴ റോഡും സംഗമിക്കുന്ന പ്രധാന ജങ്ഷനായതിനാല്‍ രണ്ട് പൊലീസുകാര്‍ക്ക് ഒരു മിനിറ്റുപോലും മാറിനില്‍ക്കാനാവില്ല.
സിഗ്നല്‍ സംവിധാനമുണ്ടെങ്കിലും മിക്കപ്പോഴും പ്രവര്‍ത്തനരഹിതമാണ്. വാഹനങ്ങളുടെ തിരക്കേറുമ്പോള്‍ പൊലീസുകാര്‍ കണ്ട്രോള് യൂനിറ്റ് റൂമിലിരുന്ന് സിഗ്നല്‍ നിയന്ത്രിക്കുകയാണ് പതിവ്. സിഗ്നല്‍ പ്രവര്‍ത്തിക്കുമ്പോഴും പ്രശ്നങ്ങളില്ലാതെ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസുകാര്‍ വേണം. രാത്രിയും പകലും അപകടസാധ്യത കൂടുതലുള്ള സ്ഥലമാണ് സിഗ്നല്‍ ജങ്ഷന്. വലിയ അപകടങ്ങളില്‍ നിരവധി പേരുടെ ജീവന് ഇവിടെ പൊലിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധിക മരിച്ചു. ഒരു പരിധിവരെ വെയിലും മഴയും ഏല്‍ക്കാത്ത തരത്തിലുള്ളതായിരുന്നു ഇരുമ്പ് കവചത്തില്‍ തീര്‍ത്ത യൂനിറ്റ് റൂം. വയര്‍ലസ് സംവിധാനവും ഫാനും ഉൾപ്പെടെയുണ്ടായിരുന്നു. പുതിയത് നിര്‍മിക്കാനുള്ള നീക്കമായിട്ടില്ലെന്ന് മാത്രമല്ല, താല്‍ക്കാലിക സംവിധാനംപോലും ഒരുക്കിയിട്ടില്ലെന്നാണ് ആക്ഷേപം. അപകടം വരുത്തിയ വാഹനങ്ങള്‍ നഷ്ടപരിഹാരം നൽകാതെ കൈയൊഴിഞ്ഞെന്നാണ് വിവരം.
ഇനി പൊലീസ് പണം മുടക്കി നിര്‍മാണം നടത്തേണ്ടതായി വരും. പൊലീസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെടാത്തത് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നവരില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. ജോലി സമയത്തില്‍ മാറ്റം വരുത്തി കൂടുതല്‍ പേരെ നിയമിച്ചാല്‍ കുറച്ച് ആശ്വാസമാകുമെന്ന് പൊലീസുകാര്‍ പറയുന്നു. എന്നാല്‍, ട്രാഫിക് വിഭാഗത്തില്‍ പൊലീസുകാരുടെ എണ്ണം വളരെക്കുറവായതുകൊണ്ട് ഇക്കാര്യത്തിലും പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.