മേയ്ക്കാട്: നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേയ്ക്കാട് ആലുങ്കൽക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപണി നടത്താത്തതിനാൽ അളവില്ലാത്ത വെള്ളം പാഴാകുന്നു. ആവശ്യത്തിന് വെള്ളം ലഭിക്കാതെമേഖലയിലെ ഹെക്ടർ കണക്കിന് കൃഷികൾ വരണ്ടുണങ്ങുകയാണ്. കനത്ത വേനലിൽ ജലസേചന സംവിധാനം അവതാളത്തിലായതോടെ പരമ്പരാഗത കർഷകർ ദുരിതത്തിലായിരിക്കുകയാണ്. പൊട്ടിയ പൈപ്പുകൾ മാറ്റിയോ, താൽകാലിക അറ്റകുറ്റപണി നടത്തിയോ അടിയന്തരമായി പമ്പിങ് കാര്യക്ഷമമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. പൈപ്പ് പൊട്ടിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായെങ്കിലും അറ്റകുറ്റപണിയോ, പുനർനിർമാണമോ നടത്തിയിട്ടില്ല.
പഞ്ചായത്ത്, ജലസേചന വകുപ്പ് അധികൃതർക്ക് പാടശേഖരസമിതി ഭാരവാഹികളും, നാട്ടുകാരും പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തെങ്കിലും മുഖവിലക്കെടുത്ത് സ്ഥലത്ത് എത്തിനോക്കുകയോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. 50 കുതിരശക്തിയുള്ള മോട്ടോർ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നതെങ്കിലും പമ്പ് ഹൗസിന് സമീപം തന്നെ ഭീമമായ തോതിൽ പൈപ്പ് പൊട്ടി വെള്ളം കടവിലേക്കൊഴുകുകയാണ്. മൂന്ന് കുതിരശക്തിയുടെ മോട്ടോർ ഉപയോഗിച്ചാൽ ലഭിക്കുന്ന വെള്ളം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. പദ്ധതിയുടെ പൈപ്പുകൾ പൂർണമായി മാറ്റുന്നതിന് ബജറ്റിൽ ഭീമമായ തുക വക കൊള്ളിച്ച് അടുത്ത വർഷം നൂതന പദ്ധതി നടപ്പാക്കാനാണ് അധികൃതരുടെ നീക്കം. എന്നാൽ പൊട്ടിയ ഭാഗത്തെ പൈപ്പുകൾ മാത്രം ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് ഉയർത്തി അറ്റകുറ്റപണി നടത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ആലുങ്കൽക്കടവ് ഇറിഗേഷൻ പദ്ധതിക്കായി വൈദ്യുതി ഇനത്തിൽ ഭീമമായ തുകയാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ചെലവഴിക്കുന്നതെങ്കിലും പദ്ധതി കൃഷിക്കും, കർഷകർക്കും പ്രയോജനം ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.