കാക്കനാട്: കോഴിവില സമീപകാലത്തെ ഏറ്റവും വലിയ വർധനയിലേക്ക് കടന്നതോടെ ദുരിതത്തിലായി കച്ചവടക്കാർ. സാധാരണക്കാരും ഹോട്ടൽ, കാറ്ററിങ് വ്യവസായികളും കോഴിയിറച്ചി വാങ്ങുന്നത് കുറച്ച സാഹചര്യത്തിലാണ് പ്രതിസന്ധി രൂക്ഷമായത്. മൂന്നാഴ്ചക്കിടെ 60 രൂപയുടെ വർധനയാണ് വിലയിൽ ഉണ്ടായത്. നിലവിൽ ഒരു കിലോ കോഴിയുടെ ചില്ലറ വില 170 രൂപയാണ്. തീറ്റക്ക് വില കൂടി എന്ന ന്യായം നിരത്തിയാണ് സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമുള്ള കച്ചവടക്കാർ വില കൂട്ടുന്നത്. ചൂടായതിനാലും ക്രൈസ്തവർക്ക് വലിയ നോമ്പുകാലമായതിനാലും മാർച്ചിൽ കോഴിയിറച്ചിക്ക് ആവശ്യക്കാർ കുറയുകയും വില ഇടിയുകയുമാണ് പതിവ്. എന്നാൽ, ഇപ്പോൾ വില കുതിച്ചുയർന്നതോടെ നൂറുകണക്കിന് കിലോ വിറ്റിരുന്ന കടകളിൽപോലും കച്ചവടം പത്തിലൊന്നായി കുറഞ്ഞു. കോഴിയുടെ വിലയെക്കാൾ കുറവാണ് മത്സ്യത്തിന് എന്നതിനാൽ ഹോട്ടൽ വ്യവസായികളിൽ പലരും മീൻവിഭവങ്ങളിലേക്ക് ചേക്കേറി. സ്ഥിരം ഓർഡറുകളിലും ഗണ്യമായ കുറവാണ് ഉള്ളതെന്ന് കടക്കാർ പറയുന്നു.
കല്യാണ ആവശ്യങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്തവരും മറ്റ് വിഭവങ്ങളിലേക്ക് മാറിയ സ്ഥിതിയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. മൊത്തക്കച്ചവടക്കാർ കോഴി ഇറക്കുന്നുണ്ടെങ്കിലും വിറ്റുപോകാതെ വരുമ്പോൾ തൂക്കം കുറയുകയും കൂടുതൽ നഷ്ടം സഹിക്കേണ്ട അവസ്ഥയുമാണ്. വില നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.