പള്ളുരുത്തി: മുണ്ടംവേലിയിൽ സബ് കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് വീണ്ടും തണ്ണീർത്തടം നികത്തി. വിവരമറിഞ്ഞെത്തിയ റവന്യൂ അധികൃതർ നികത്താൻ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു. മുണ്ടംവേലിയിൽ ഡ്രൈവിങ് സ്കൂൾ ഉൾപ്പെടെ നടത്തുന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് 52 ആർ വിസ്തീർണമുള്ള തണ്ണീർതടം നിർമാണ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നികത്തി കൊണ്ടിരിക്കുന്നത്. നേരത്തേ ഈ തണ്ണീർതടം നികത്തുന്നതിനെതിരെ പള്ളുരുത്തി വില്ലേജ് ഓഫിസർ രണ്ട് തവണ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതിന് പുറമേ ഫോർട്ട്കൊച്ചി സബ് കലക്ടർ നികത്തലിനെതിരെ നിരോധന ഉത്തരവും നൽകിയിരുന്നു.
റവന്യൂ അധികൃതർക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തണ്ണീർത്തടം മുക്കാൽ ഭാഗത്തോളം നികത്തിയതായി കണ്ടെത്തിയത്. സബ് കലക്ടറുടെ നിർദേശ പ്രകാരം കലക്ടറേറ്റ് ഡെപ്യൂട്ടി തഹസിൽദാർ അബൂബക്കർ, കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, പള്ളുരുത്തി വില്ലേജ് ഓഫിസർ സതി എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് പരിശോധനക്കെത്തിയത്.
നികത്തികൊണ്ടിരുന്ന ജെ.സി.ബി റവന്യൂ സംഘം പിടിച്ചെടുക്കുകയായിരുന്നു. ഉന്നത രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും ഒത്താശയോടെയാണ് ഇവിടെ അനധികൃതമായി തണ്ണീർത്തടം നികത്തുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
പിടിച്ചെടുത്ത വാഹനം തോപ്പുംപടി പൊലീസിന് കൈമാറി. ഒരു മാസം മുമ്പും ഇവിടെ നികത്തൽ നടത്തിയ വാഹനങ്ങൾ റവന്യൂ അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നികത്തൽ ആരംഭിച്ചത്. ഡാറ്റാ ബാങ്കിൽ ഈ ഭൂമി നാൽപത് വർഷത്തിലേറെയായി നികത്ത് ഭൂമിയാണെന്ന് തെറ്റായി കിടക്കുകയാണ്.
ഇത് തിരുത്തി തണ്ണീർതടം എന്നാക്കാൻ സബ് കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവിങ് പരിശീലന കേന്ദ്രത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ ആർ.ടി.ഒ എൻഫോഴ്സ്മെന്റിന് നിർദേശവും നൽകിയിട്ടുണ്ട്. മുണ്ടംവേലിയിൽ ഏക്കർ കണക്കിന് തണ്ണീർതടങ്ങളാണ് ഉന്നതരുടെ ഒത്താശയോടെ പലരും നികത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.