അങ്കമാലി: വ്യവസായ സ്ഥാപനമായ കേരള ആഗോ മെഷിനറി കോർപ്പറേഷനെ (കാംകോ) പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെ മുൻ മന്ത്രി എസ്.ശർമ എം.എൽ.എ പ്രസിഡന്റായ ഭരണകക്ഷി യൂനിയനും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്ത്.
ലാഭത്തിന്റെ ചരിത്രം മാത്രം പറയാനുള്ള കാംകോയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന പ്രമോഷൻ നടപടി നിർത്തിവെക്കണമെന്ന് കാംകോ എംപ്ലോയിസ് യൂനിയൻ പ്രസിഡന്റ് എസ്. ശർമ ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കമ്പനി സാമ്പത്തിക ഞെരുക്കത്തിലാണ്. ഈ ഘട്ടത്തിൽ അതീവ രഹസ്യമായി സ്വാധീനങ്ങൾക്ക് വഴങ്ങി പ്രമോഷൻ മാമാങ്കം നടത്തി അധിക ബാധ്യത വരുത്തിവെക്കുന്ന സമീപനമാണ് മാനേജ്മെന്റ് കൈ കൊണ്ടിട്ടുള്ളതെന്ന് ശർമ കുറ്റപ്പെടുത്തി.
കോടതി ഇടപെടലിന്റെ പേരിലാണ് പ്രമോഷൻ നീക്കമെന്ന മാനേജ്മെന്റ് വാദം ശരിയല്ല. രണ്ടു വർഷം മുമ്പ് കമ്പനിയിൽ പ്രതിസന്ധി രൂപം കൊണ്ടപ്പോൾ യൂനിയനുകളുടെ നേതൃത്വവുമായി കൃഷി മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും മിനിറ്റ്സ് പോലും തയാറാക്കിയില്ല. പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പ്രയാസപ്പെടുന്ന കമ്പനിക്ക് സർക്കാർ അഞ്ച് കോടി അനുവദിച്ചിരുന്നു. കൂടുതൽ തുക ബാങ്ക് വായ്പ അനുവദിക്കുന്നതിനുള്ള ഇടപെടൽ നടക്കുന്നതിനിടെയാണ് അധിക ബാധ്യത വരുത്തി വെക്കുന്ന പിന്നാമ്പുറ നടപടികളെന്നും ശർമ കുറ്റപ്പെടുത്തി. കമ്പനിക്ക് മുഴുവൻ സമയ എം.ഡിയെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് സ്ഥാപനത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേ സമയം കാംകോ പ്രതിസന്ധിയിലാണെന്നും തകർച്ചയിൽനിന്ന് രക്ഷിക്കുന്നതിന് പകരം തകർച്ചയിലേക്ക് കൂപ്പുകുത്തിക്കുന്നതിനുള്ള നടപടിയാണ് സർക്കാറും മാനേജ്മെന്റും ഇടതു, വലതു യൂനിയനുകളും സ്വീകരിച്ചിട്ടുള്ളതെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിഎം.എ. ബ്രഹ്മരാജ്, മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് എന്നിവർ കുറ്റപ്പെടുത്തി.
ട്രഷറിയിൽനിന്ന് ഉയർന്ന പലിശക്ക് അഞ്ച് കോടിയോളം വായ്പയെടുത്താണ് മുന്നോട്ട് പോകുന്നതെന്ന് ഇരുവരും കുറ്റപ്പെടുത്തി. ആവശ്യത്തിന് സ്പെയർപാർട്ട്സുകൾ ലഭിക്കാത്തതിനാൽ മിക്ക പ്ലാന്റുകളിലും ഉൽപാദനം നിലച്ചിരിക്കുകയാണ്.
സ്വകാര്യ ടില്ലർ കമ്പനികളെ സഹായിക്കാനുള്ള ആസൂത്രിത നീക്കമാണിത്. മാനേജ്മെൻറിന്റെ കഴിവുകേട് മൂലം നിരവധി ടില്ലറുകൾ കാടുവളർന്ന കമ്പനി വളപ്പിൽ സംരക്ഷണമില്ലാതെ വെയിലും മഴയുമേറ്റ് നശിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.