കൊച്ചി: ആർത്തലച്ച് പെയ്യുന്ന മഴ, ആർത്തിരമ്പിയെത്തുന്ന തിരമാലകൾ... ഭയപ്പാട് ഒഴിയാത്ത ജീവിതമാണ് തീരദേശത്ത്. ശക്തമായ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ വെള്ളത്തിലായിട്ടുണ്ട്. വെളിയത്താൻപറമ്പ്, നായരമ്പലം, അണിയൽ, പുതുവൈപ്പ് എന്നീ തീരങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
വെളിയത്താൻപറമ്പിലും നായരമ്പലത്തും നിരവധി വീടുകൾ വെള്ളത്തിലായി. ഉയരത്തിൽ പാഞ്ഞെത്തുന്ന തിരമാല ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയാണ്. നിരവധികാലങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണാത്ത അധികൃതരുടെ സമീപനത്തിൽ പ്രതിഷേധിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് ജനങ്ങൾ.
ഇത്തവണത്തെ കടൽകയറ്റത്തിൽ തീരം ഏറെ ദൂരം കടലെടുത്തിട്ടുണ്ട്. നൂറുകണക്കിന് സഞ്ചാരികളെത്തുന്ന തീരമാണ് പുതുവൈപ്പ്. ഇവരെ പ്രതീക്ഷിച്ച് തീരത്ത് നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നു. മഴയും കടൽക്ഷോഭവും ശക്തമായതോടെ വ്യാപാര ഷെഡ്ഡുകൾ തകർന്നു.
കടൽകയറ്റത്തിനിടയിലും ഇവിടേക്ക് കാഴ്ചക്കാരായി നിരവധിയാളുകൾ എത്തുകയാണ്. സമീപവാസികളായ മത്സ്യത്തൊഴിലാളികൾ കടൽവെള്ളം കയറി തീരത്ത് രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ടിൽ വലയെറിഞ്ഞ് മീൻപിടിക്കുന്ന കാഴ്ചയും ഇവിടെ കാണാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്ന് തവണയാണ് വെളിയത്താൻപറമ്പ് തീരത്ത് മണൽവാട തകർന്നത്. ഇതോടെ ശക്തമായ തിരമാലയിലൂടെ വെള്ളം കരയിലേക്ക് കയറി ഒഴുകുകയാണ്.
സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. വർഷങ്ങളോളമായി ഈ ദുരിതം അനുഭവിക്കുകയാണെന്ന് ജനങ്ങൾ വ്യക്തമാക്കുന്നു. വെളിയത്താൻപറമ്പ് സെന്റ് ആൻറണീസ് പള്ളിയുടെ സമീപത്ത് മണൽവാട തകർന്നതോടെയാണ് പ്രദേശത്തേക്ക് കടൽവെള്ളം ശക്തിയായി കയറാൻ തുടങ്ങിയത്. പള്ളിയുടെയും വീടുകളുടെയും പരിസരത്തുകൂടെ പരന്നൊഴുകുകയാണ് കടൽവെള്ളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.