കാക്കനാട്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ യുവാവിന്റെ കാൽമുട്ടിന് പരിക്ക്. കുന്നുംപുറം ഫുൾ ഓൺ കഫേ റസ്റ്റാറന്റിലെ പാചകക്കാരനായ തൃശൂർ സ്വദേശി അബ്ദുൽ റഫീഖിനാണ് (40) പരിക്കേറ്റത്. ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ റോഡിൽ വീണ റഫീഖിന്റെ മുട്ടിന്റെ ചിരട്ട തകർന്നു. വ്യാഴാഴ്ച രാത്രി എട്ടിന് കാക്കനാട് കുന്നുംപുറം ജങ്ഷനിൽ നിർമിതി കേന്ദ്രത്തിന് സമീപത്താണ് സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചത്. റോഡരികിലെ മാലിന്യക്കൂമ്പാരത്തിനടുത്ത് നിന്ന അഞ്ചോളം തെരുവുനായ് കുരച്ച് നേരെ വരുന്നത് കണ്ട് റഫീഖ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
പിന്തുടർന്നെത്തിയ നായ് മുണ്ടിൽ കടിക്കുകയും റഫീക്ക് റോഡിൽ വീഴുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ റഫീഖിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ റഫീക്കിന്റെ വലതുകാലിലെ മുട്ടിലെ ചിരട്ടക്ക് പൊട്ടലുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മുട്ടിന് ശസ്ത്രക്രിയയും രണ്ട് മാസത്തെ വിശ്രമവും വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞയാഴ്ച കാക്കനാട് തോപ്പിൽ ഭാഗത്ത് തെരുവുനായ് ആക്രമണത്തിൽ ആറാം ക്ലാസുകാരന് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.