പള്ളുരുത്തി: മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്ന പ്രതിയെ പിന്നീട് ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പിടികൂടി.
കാപ്പ നിയമ പ്രകാരം പള്ളുരുത്തി പൊലിസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശിയും ഇപ്പോൾ ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം താമസിക്കുന്നയാളുമായ തട്ടേക്കാട് വീട്ടിൽ ചെട്ടിപ്പറമ്പ് മനീഷ് (29)ആണ് ബുധനാഴ്ച വൈകിട്ട് കൈവിലങ്ങ് അണിയിച്ച് കരുവേലിപ്പടി മഹാരാജാസ് താലുക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുവരവേ ഓടിരക്ഷപ്പെട്ടത്.
ഇയാൾ കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളിൽ കയറുകയും അവിടെ നിന്ന് വീട്ടുകാർ എതിർത്തതോടെ ഓടി സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിച്ചിരിക്കുകയുമായിരുന്നു.
തുടർന്ന് പൊലീസെത്തി കൂട്ടിൽ നിന്ന് പിടികൂടുകയുമായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവന ഭേദനം, ലഹരി കേസ് ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ജയിലിലടക്കാൻ ഉത്തരവായിരുന്നു.
ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അവിടെ നിന്ന് പള്ളുരുത്തി പൊലിസ് ഇൻസ്പെക്ടർ സൻജു ജോസഫ്, എസ്.ഐ.എം.എം മുനീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രിജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എസ്. ബിബിൻ, ഉമേഷ് ഉദയൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.