ജില്ലയിൽ ബാങ്കിങ് ഇടപാടുകള്‍ സമ്പൂര്‍ണ ഡിജിറ്റലിലേക്ക്

തൊടുപുഴ: ജില്ലയിലെ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള കാമ്പയിന്‍ ഡീന്‍ കുര്യാക്കോസ് എം.പി ലോഗോ പ്രകാശനം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും കൈവരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. ജനപ്രതിനിധികളുടെയും റിസര്‍വ് ബാങ്കിന്റെയും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും നബാര്‍ഡിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാങ്കുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ ആഗസ്റ്റ് 15 ഓടെ സമ്പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് ബാങ്കുകളും ഇടപാടുകള്‍ 100 ശതമാനം ഡിജിറ്റലാക്കാന്‍ ലക്ഷ്യമിടുന്നത്. 2020 ല്‍ തൃശൂരും 2021 ല്‍ കോട്ടയവും ലക്ഷദ്വീപും 100 ശതമാനം ഡിജിറ്റല്‍ നേട്ടം കൈവരിച്ചിരുന്നു. ബാക്കി ജില്ലകളിൽ ആഗസ്റ്റ് 15 ഓടെ ബാങ്കിടപാടുകള്‍ നൂറ് ശതമാനം ഡിജിറ്റലാക്കാനാണ്​ ലക്ഷ്യമിടുന്നത്. എ.ടി.എം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യു.പി.ഐ, ഭീം ക്യൂആര്‍ കോഡ്, എ.ഇ.പി.എസ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യു.പി.ഐ 123 പേ തുടങ്ങിയ ഏതെങ്കിലും ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് കറന്‍സി രഹിത ഇടപാടിന്​ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങളെയും സുരക്ഷിതമായി ഡിജിറ്റല്‍ ബാങ്ക് മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിന്​ പഞ്ചായത്ത്​ തോറും ലീഡ് ബാങ്കിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ സാമ്പത്തിക സാക്ഷരത ഉപദേഷ്ടാക്കളുടെ സഹകരണത്തോടെ ബോധവത്​കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ​TDL DEAN KURIAKOSE ഡിജിറ്റല്‍ ബാങ്കിങ് ഇടുക്കി കാമ്പയിന്റെ ലോഗോ പ്രകാശനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കുന്നു ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ ചക്കുപള്ളം: ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ആശ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ചികിത്സ സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഗ്രാമസഭകള്‍ നടത്തി വരുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഗ്രാമസഭയില്‍ അവസരമൊരുക്കി. ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കേണ്ട പദ്ധതിയുടെ വിശകലനങ്ങളും ചര്‍ച്ചകളും ഗ്രാമസഭയില്‍ നടത്തി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്വേതജിത്ത് പദ്ധതി വിശദീകരിച്ചു. യു.ഐ.ഡി കാര്‍ഡ്, വിദ്യനികേതം പദ്ധതി തുടങ്ങി നിരവധി ആനുകൂല്യങ്ങളെ കുറിച്ചും ഗ്രാമസഭയില്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കുസുമം സതീഷ്, ഷൈനി റോയി, പഞ്ചായത്ത് അംഗം ബിന്ദു അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ​TDL GRAMASAPHA ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഗ്രാമസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.