കുമളി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്നാട്ടില്‍നിന്ന് എത്തുന്ന തീർഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാൻ ഇടുക്കി-തേനി അന്തര്‍സംസ്ഥാന യോഗം ചേര്‍ന്നു. കലക്ടര്‍ വി. വിഘ്നേശ്വരി തേനി കലക്ടര്‍ ആര്.വി. ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. അയ്യപ്പഭക്തരുടെ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്-കേരള സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു.
തമിഴ്നാട് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം-തേക്കടി റൂട്ടില്‍ പട്രോൾ ടീമിനെയും നിയോഗിക്കും. കൂടാതെ മെഡിക്കല്‍ ടീമിനെയും പ്രധാന പോയന്റുകളില്‍ ആംബുലന്‍സുകളും സജ്ജീകരിക്കുമെന്നും തേനി കലക്ടര്‍ അറിയിച്ചു.
പ്രധാനമായും റോഡ് സുരക്ഷ, മാലിന്യം തള്ളൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബോധവത്കരണം നൽകും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. ഹരിത ചട്ടമനുസരിച്ചുള്ള തീർഥാടനം പ്രോത്സാഹിപ്പിക്കും. കലക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകള്‍ സജ്ജമായിട്ടുണ്ട്. എല്ലാ വകുപ്പുകളിലും കൺട്രോൾ റൂമുകള്‍ എത്രയും വേഗം സജ്ജീകരിക്കണമെന്നും ഇടുക്കി കലക്ടര്‍ നിർദേശിച്ചു. ഈ വര്‍ഷം തിരക്കുകൂടുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മാത്രം ബൈറൂട്ട് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
വിവിധ വകുപ്പുകളും പഞ്ചായത്തുകളും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സ്ക്വാഡുകളുടെ പരിശോധന കര്‍ശനമാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ അത്യാഹിത വിഭാഗവും വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളില്‍ ഒ.പി വിഭാഗത്തിന്റെ സേവനവും ഒരുക്കും. ഇതോടൊപ്പം ഈ വര്‍ഷം സീതക്കുളത്ത് പ്രത്യേക ഓക്സിജന്‍ സപ്ലൈ യൂനിറ്റ് സ്ഥാപിക്കാനും തീരുമാനമായി.
കെ.എസ്.ആര്.ടി.സിയുടെ നേതൃത്വത്തിൽ പ്രത്യേക പമ്പ ബസുകൾ സര്‍വിസ് നടത്തും. ശുചിത്വമിഷന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ താൽക്കാലിക ശൗചാലയങ്ങള്‍ ഒരുക്കും. ഇതോടൊപ്പം തുണിസഞ്ചികള്‍ നല്‍കാനുമുള്ള സജ്ജീകരണം ഒരുക്കും.
സപ്ലൈകോ, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും. ഇടുക്കി ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ്, തേനി എസ്.പി ശിവപ്രസാദ്, എ.ഡി.എം ഷൈജു പി. ജേക്കബ്, കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ്, വിവിധ വകുപ്പുതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.