നെടുങ്കണ്ടം: ഇതും റോഡാണ്. കോമ്പമുക്ക് വഞ്ചികപ്പാറ ആമപ്പാറ ടൂറിസം റോഡ്. വിദേശികളടക്കം ആമപ്പാറയിലെത്തുന്ന സഞ്ചാരികള്‍ ഈ റോഡ് കണ്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ്. നെടുങ്കണ്ടം പഞ്ചായത്ത് 11ാം വാര്‍ഡില്‍ രാമക്കല്‍മേട് ആമപ്പാറയിലാണിത്. ഹൈവേയിൽനിന്ന് ആമപ്പാറക്കുള്ള ഒന്നര കിലോമീറ്റര്‍ റോഡിൽ ഒന്നേകാൽ കിലോമീറ്ററും തകര്‍ന്ന് കാല്‍നടപോലും ദുസ്സഹമായിട്ട് വര്‍ഷങ്ങളായി.
വിനോദ സഞ്ചാരികളെക്കാള്‍ ദുരിതം അനുഭവിക്കുന്നത് ആമപ്പാറമെട്ടിലുള്ള 30ഓളം നിര്‍ധന കുടുംബങ്ങളാണ്. ഇവരുടെ ഏക വരുമാനം പശു വളര്‍ത്തലാണ്. ഇവര്‍ക്ക് കാലിത്തീറ്റയോ വീട്ടുസാധനങ്ങളൊ എത്തിക്കാനും കഴിയുന്നില്ല.
മുമ്പ് ജീപ്പുകള്‍ സര്‍വിസ് നടത്തിയിരുന്നു. അന്ന് 250 മുതൽ 300 രൂപയായിരുന്നു ജീപ്പ് കൂലി. അവയെല്ലാം ഇപ്പോള്‍ ഓഫ്റോഡ് ജീപ്പുകളായതോടെ ആമപ്പാറയിൽ എത്താൻ 1800 രൂപ നല്‍കണം. തലച്ചുമടായാണ് കാലിത്തീറ്റയും പാചകവാതക സിലിണ്ടറും മറ്റും വീടുകളില്‍ എത്തിക്കുന്നത്. രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതും കസേരയിൽ ചുമന്നാണ്. ആശുപത്രിയിൽ മരിച്ചയാളെ ഇതുവഴി വീട്ടിൽ കൊണ്ടുവരാൻ കഴിയാഞ്ഞതിനാൽ പള്ളിയിൽ സംസ്കരിക്കുകയായിരുന്നു.
ഇവിടെ മുന്നൂ കുടുംബങ്ങളിൽ ഭിന്നശേഷിക്കാരുണ്ട്. ഏലം, കരുമുളക് തുടങ്ങി കാര്ഷികോൽപന്നങ്ങളും ചുമന്നാണ് കോമ്പമുക്കിലെത്തിക്കുന്നത്. ജീപ്പുകൾ ഓഫ്റോഡ് സർവിസ് തുടങ്ങിയപ്പോള്‍ ഡി.ടി.പി.സി പറഞ്ഞത് രണ്ടുമണിക്കൂര്‍ അവിടെ വിശ്രമിച്ച് കാഴ്ചകൾ കാണിച്ച് മടങ്ങണമെന്നായിരുന്നു. എന്നാല്‍, അരമണിക്കൂർപോലും ചെലവഴിക്കാതെ തിരികെ കൊണ്ടുപോകുകയാണ്. ആമപ്പാറയില്‍ ദിവസം 45,000 രൂപവരെ ഡി.ടി.പി.സിക്ക് വരുമാനമുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കിയാൽ വരുമാനം നാലിരട്ടിയാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരാള്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് പാസ്. ആയിരങ്ങളാണ് ദിനേന ഇവിടെ എത്തുന്നത്. 2016-17ൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നിർമിച്ച റോഡാണിത്.
കോമ്പമുക്ക് സിറ്റിയിൽനിന്ന് 250 മീറ്റർ റോഡുണ്ടായിരുന്നു. ബാക്കി പ്രദേശവാസികളുടെ അനുമതിയോടെ പട്ടയ വസ്തുവിലൂടെ ജനങ്ങൾ അതിവസിക്കുന്ന മഞ്ചനമെട്ട് ഭാഗത്തേക്ക് റോഡ് വെട്ടുകയായിരുന്നു. കല്ലുകൾ പൊട്ടിച്ചു നീക്കംചെയ്യാൻ മാത്രം രണ്ടുലക്ഷം രൂപ അന്ന് പഞ്ചായത്ത് ചെലവഴിച്ചു. ഇനിയും ഒരുകോടി രൂപ ഉണ്ടെങ്കിലേ റോഡ് സഞ്ചാരയോഗ്യമാക്കാനാവൂ. അതിനുള്ള ഫണ്ട് ഇല്ലെന്നാണ് പഞ്ചായത്ത് അംഗം വിജിമോൾ വിജയൻ പറയുന്നത്.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിനു ശേഷം റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ റദ്ദാക്കിയതായി രേഖകളിൽ കാണുന്നു. ആമപ്പാറയിൽനിന്ന് വലിയ മഴയത്ത് വെള്ളം ഒഴുകിയെത്തി രൂപപ്പെട്ട ചാലുകൾ കല്ലുകൾ ഇട്ട് നികത്തിയാണ് അന്ന് റോഡ് വെട്ടിയത്. വീണ്ടും മൂന്നു തവണയായി ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ വീതം മുടക്കിയാണ് പുതിയ റോഡ് വെട്ടിയത്. എന്നാല്‍, 2018ലെ പ്രളയത്തില്‍ ആമപ്പാറയിൽനിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം ഈ റോഡിലൂടെ തിരിഞ്ഞൊഴുകി റോഡിന്റെ പകുതി ഭാഗവും ഇടിഞ്ഞുപോയി.
അറ്റകുറ്റപ്പണി നടത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ശക്തമായ മഴക്ക് വീണ്ടും റോഡ് തകര്‍ന്ന് കാല്‍നടപോലും അസാധ്യമായി. തുടര്‍ന്ന് പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയിൽപെടുത്തി 50,000 രൂപ മുടക്കി കാല്നടക്ക് അവസരമൊരുക്കി. എന്നാൽ, ഓഫ് റോഡ് ജീപ്പുകൾ ഓടി റോഡ് പൂർണമായും തകര്‍ന്നു. കഴിഞ്ഞയാഴ്ച കലക്ടർ ആമപ്പാറയിൽ എത്തിയപ്പോൾ പ്രദേശവാസികളുടെ ദുരിതജീവിതം നേരിട്ട് കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.