ഏലത്തിന്റെ വിലത്തകര്‍ച്ച; പാട്ട കൃഷിക്കാർ പ്രതിസന്ധിയിൽ

അടിമാലി: പാട്ടത്തിനെടുത്ത സ്ഥലത്ത് ഏലകൃഷിയിറക്കിയ കര്‍ഷകര്‍ വില തകര്‍ന്നതോടെ പ്രതിസന്ധിയിലായി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ ഏലത്തിനുള്ളത്. കോവിഡിന്​ മുമ്പ്​ ഒരു കിലോഗ്രാം ഏലക്കായുടെ വില 4000 രൂപയിലെത്തിയതോടെ തരിശായി കിടന്നതും മറ്റു കൃഷികള്‍ ചെയ്തിരുന്നതുമായ നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് ഏലം കൃഷിക്കായി കര്‍ഷകര്‍ രംഗത്തെത്തി. ഒരുവര്‍ഷത്തേക്ക് ഒരേക്കര്‍ സ്ഥലത്തിന് ഒന്നരലക്ഷം രൂപവരെ സ്ഥലം ഉടമക്ക്​ നല്‍കണമെന്ന വ്യവസ്ഥയിലാണ് പല കര്‍ഷകരും ഏലകൃഷി ആരംഭിച്ചത്. ബാങ്കുകളില്‍നിന്ന്​ വായ്പയെടുത്തും സ്വര്‍ണം പണയംവെച്ചുമാണ് പലരും പണം കണ്ടെത്തിയത്. ചെടിനട്ട് വളവും കീടനാശിനിയും പ്രയോഗിച്ച് ഒരു കിലോഗ്രാം ഏലക്ക വിളവായെടുക്കാന്‍ 1000 രൂപക്ക്​ അടുത്ത് ചെലവ് വരും. ഏലക്കയുടെ വില വര്‍ധിച്ച സമയത്ത് തൊഴിലാളികളുടെ വേതനം കൂട്ടുകയും വളം, കീടനാശിനി എന്നിവയുടെ വില വര്‍ധിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ നല്ലയിനം കായക്ക് ശരാശരി 800 രൂപക്ക് താഴെയാണ്. 400 രൂപക്ക് വരെ ഏലം വില്‍ക്കുന്നവരും ഉണ്ട്. പുതിയ കൃഷി കൂടുതല്‍ തുടങ്ങിയത് അടിമാലി, കൊന്നത്തടി, വാത്തിക്കുടി, രാജാക്കാട്, ബൈസണ്‍വാലി, സേനാപതി, രാജകുമാരി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലാണ്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ അഞ്ച്​ മുതല്‍ 20 ഏക്കർ വരെ ഭൂമി പാട്ടത്തിനെടുത്താണ് ഏലകൃഷി ആരംഭിച്ചത്. ഇത്തരത്തിൽ കടബാധ്യത വർധിച്ച നിരവധി കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്. കോടതിയെ സമീപിക്കും -റെജി ഞള്ളാനി അടിമാലി: സ്പൈസസ് ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഏലം ഗവേഷകനായ റെജി ഞള്ളാനി. ഏലത്തിന്‍റെ വിലത്തകര്‍ച്ചക്ക് കാരണം സ്പൈസസ് ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണെന്നും ലേല കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന സാമ്പിള്‍ സംവിധാനം നിര്‍ത്തലാക്കണമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും റെജി വ്യക്തമാക്കി. വിലത്തകര്‍ച്ചയും മറ്റ് പ്രതിസന്ധികളും നേരിടുന്ന കര്‍ഷകരെ ലേല കേന്ദ്രങ്ങളും കച്ചവടക്കാരും കുത്തിപ്പിഴിയുകയാണ്​. ഇതിന്‍റെ ഭാഗമായാണ്​ നൂറ് കിലോ ഏലക്ക വാങ്ങുമ്പോള്‍ കര്‍ഷകന് ഒരുരൂപ പോലും കൊടുക്കാതെ ഒരുകിലോ ഏലക്ക സാമ്പിളെന്ന പേരില്‍ തട്ടിയെടുക്കുന്നതെന്നും റെജി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.