സ്മൂത്ത് ഫ്ലോ പദ്ധതി; മുതിരപ്പുഴ വളരുന്നു

വെള്ളപ്പൊക്കം ഒഴിവാക്കുകയാണ്​ ലക്ഷ്യം മൂന്നാർ: വെള്ളപ്പൊക്കം തടയാന്‍ ആവിഷ്‌കരിച്ച സര്‍ക്കാറിന്‍റെ ഓപറേഷന്‍ സ്മൂത്ത് ഫ്ലോ പദ്ധതിയിൽ മൂന്നാറിലെ മുതിരപ്പുഴയുടെ വീതി വർധിച്ചത്​ ആറിരട്ടി. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കാനാണ് മുതിരപ്പുഴയിൽ സ്മൂത്ത് ഫ്ലോ പദ്ധതി നടപ്പാക്കിയത്. പണി തുടങ്ങിയപ്പോള്‍ പത്ത് മീറ്റര്‍ വീതിയില്‍ ഒഴുകിയിരുന്ന പുഴയുടെ വീതി ഇപ്പോൾ 60 മീറ്ററാണ്​. മൂന്നാര്‍ ടൗണ്‍ മുതല്‍ ഹെഡ് വര്‍ക്സ് വരെയാണ് പുഴയുടെ വീതി വർധിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പണികളുടെ ആദ്യഘട്ടം ഏതാണ്ട് പൂര്‍ത്തിയായി. പുഴയോരങ്ങളില്‍ ഉയരത്തിലുള്ള മണ്‍തിട്ട രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് പിന്നീട് ഉദ്യാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പണികള്‍ നടന്നു വരുന്നത്. കോടികള്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിലെ ഭാരിച്ച ചെലവ് കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ കുറഞ്ഞ വാടകക്ക്​ എടുത്താണ് പണികള്‍ നടത്തി വരുന്നത്. 2018ലെ പ്രളയത്തില്‍ പുഴയില്‍ അടിഞ്ഞ മണ്ണും ഇതോടൊപ്പം നീക്കിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയായതോടെ രണ്ടാംഘട്ട പണികള്‍ തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ചെയ്യുക. ഉദ്യാനം നിർമിക്കാനുള്ള ചെടികൾ എത്തിയിട്ടുണ്ടെന്നും ഉടന്‍ പണികള്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മൂന്നു മാസമെടുത്ത് സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പണികള്‍ നടത്തിയത്. ചിത്രം 1 പുഴയോരത്ത് പൂന്തോട്ടം നിർമിക്കാനുള്ള തിട്ട രൂപപ്പെടുത്തിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.