ഇങ്ങനെയും ഒരു നാടുണ്ട്​ (ലോക്കൽ പേജ്​ കോളം)

കാഞ്ഞാർ: സമുദ്രനിരപ്പില്‍നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. പ്രകൃതി സൗന്ദര്യം കൊണ്ട് കേരളത്തിലെ ഏത് വിനോദസഞ്ചാര കേന്ദ്രത്തോടും കിടപിടിക്കുമെങ്കിലും കാര്യമായി ജനശ്രദ്ധയില്‍ വന്നിട്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളിലായാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഈ ഒരു അവസ്ഥയില്‍നിന്നാണ് ഇലവീഴാ പൂഞ്ചിറയെന്ന പേര് ലഭിച്ചത്. താഴ്‌വരയിലെ തടാകത്തിലും ഇലകള്‍ വീഴാറില്ല. എപ്പോഴും നൂലുപോലെ മഴപെയ്യുന്ന പൂഞ്ചിറയുടെ താഴ്‌വര കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇലവീഴാപ്പൂഞ്ചിറ എന്ന പേരിന്​ മഹാഭാരത കഥയുമായും ബന്ധമുണ്ടെന്ന്​ പഴമക്കാർ പറയുന്നു. വനവാസകാലത്ത് പാണ്ഡവർ ഈ സ്ഥലത്ത് വസിച്ചിരുന്നതായും ഭീമസേനൻ നിർമിച്ച ഈ കുളത്തിൽ പാഞ്ചാലി സ്ഥിരമായി നീരാടാൻ എത്തിയിരുന്നു എന്നുമാണ് ഐതിഹ്യം. പാഞ്ചാലിയുടെ സൗന്ദര്യത്തിൽ ചില ദേവന്മാർ ആകൃഷ്​ടരായി. ഇത് മനസ്സിലാക്കിയ ഇന്ദ്രൻ തടാകത്തിന് മറയായി നിർമിച്ചതാണത്രെ കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് മലകൾ. മലയുടെ ഒരുവശത്ത് ഗുഹയുമുണ്ട്. തൊടുപുഴയില്‍നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാപ്പൂഞ്ചിറയിലെത്താം. കൂടാതെ കാഞ്ഞാറിൽനിന്ന്​ കൂവപ്പള്ളി ചക്കിക്കാവ് വഴി ഒമ്പതുകിലോമീറ്റർ സഞ്ചരിച്ചും ഇവിടെയെത്താം. ഇവിടെനിന്ന്​ നോക്കിയാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകൾ കാണാമെന്നതും പ്രത്യേകതയാണ്​. tdl mltm 2 ഇലവീഴാപൂഞ്ചിറയിൽനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.