തൊടുപുഴ: കാഴ്ചപരിമിതിയുള്ളവർക്ക് ജില്ലയിൽ ബ്രെയിൽ സാക്ഷരത പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തവർക്കുള്ള പഠനക്ലാസ്സുകൾ ഉടൻ തുടങ്ങും.
കാഴ്ചപരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാല് മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടുനിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യമായ ലക്ഷ്യങ്ങൾ.
പഠനസാമഗ്രികൾ സംസ്ഥാന സാക്ഷരത മിഷൻ നൽകും. ബ്രെയിൽ സാക്ഷരത ക്ലാസ്സിൽ പങ്കെടുക്കുന്ന പഠിതാക്കൾക്കുള്ള ഭക്ഷണച്ചെലവ് ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും.
പഠിതാക്കളെ കണ്ടെത്തിയത് സർവേയിലൂടെ
സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കൾക്ക് ബ്രെയിൽ ലിപിയിൽ 160 മണിക്കൂർ ക്ലാസ് നൽകും. ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ബ്രെയിൽ ലിപിയിലേക്ക് തർജമ ചെയ്ത സാക്ഷരത പാഠപുസ്തകമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിലാണ് ക്ലാസുകൾ സജ്ജമാക്കുന്നത്. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെയും തൊടുപുഴ നഗരസഭ പരിധിയിലെയും പഠിതാക്കൾക്ക് ഒരു ക്ലാസ് സജ്ജമാക്കും. 31 പേരാണ് പഠിതാക്കൾ ആയിട്ടുള്ളത്. പഠിതാക്കളെ കണ്ടെത്താനായി നേരത്തെ നടത്തിയ സർവ്വേയിൽ 288 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
സർവേയിൽ ഉൾപ്പെട്ടവരിൽ ബ്രെയിൽ ലിപിയിൽ സാക്ഷരത പഠനം ആഗ്രഹിക്കുന്ന ജില്ലയുടെ മറ്റു ബ്ലോക്കുകളിലെ പഠിതാക്കൾക്കും ഉടൻ ക്ലാസ്സുകൾ തുടങ്ങും. സർവേയിൽ ഉൾപ്പെടാതെ പോയ, ബ്രെയിൽ ലിപിയിൽ സാക്ഷരത പഠനം ആഗ്രഹിക്കുന്നവർ ജില്ല പഞ്ചായത്തിലെ സാക്ഷരത മിഷൻ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04862 232294. ഇ-മെയിൽ: idk.literacy@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.