വയോധികയെ മകളും ബന്ധുക്കളും ചേർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി

കട്ടപ്പന: സ്വത്തിനുവേണ്ടി 81കാരിയെ ഇളയ മകളും ബന്ധുക്കളും ചേർന്ന് മർദിച്ച്​ വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി. ഉപ്പുതറ വളകോട് വയലിൽ പറമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയെ (മറിയാമ്മ -81) ഇളയ മകൾ എൽസമ്മയും ഇവരുടെ മരുമകൻ റൊണാൾഡും കൂട്ടുകാരും ചേർന്ന് വ്യാഴാഴ്ച വീട്ടിൽനിന്ന് ഇറക്കിവിട്ടതായി മറ്റു രണ്ട് പെൺമക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിക്കുട്ടിയുടെ പരാതിയിൽ ഉപ്പുതറ പൊലീസ് കേസെടുത്തു. മേരിക്കുട്ടിയുടെയും ഭർത്താവിന്‍റെയും പേരിലുണ്ടായിരുന്ന 68 സെന്‍റ്​ സ്ഥലം കൈക്കലാക്കാനാണ് ഇളയ മകളും ബന്ധുക്കളും ചേർന്ന് ക്രൂരത കാട്ടിയതെന്നാണ്​ പരാതി. മേരിക്കുട്ടിയുടെ ഭർത്താവ് ദേവസ്യ മരിച്ചിട്ട് 11വർഷം കഴിഞ്ഞു. ഇവർക്ക് നാല് പെണ്മക്കളാണ്. നാലുപേരെയും വിവാഹം കഴിപ്പിച്ച്​ അയച്ചു. പിതാവ് മരിച്ചതോടെ അമ്മയെ നോക്കാൻ എൽസമ്മക്ക് താൽപര്യമുണ്ടായിരുന്നില്ലത്രെ. അതിനാൽ കോട്ടയത്തിന്​ സമീപം പാമ്പാടിയിലെ അനാഥാലയത്തിലാക്കി. തുടർന്ന് വീടിരുന്ന സ്ഥലം ഒരാൾക്ക് പാട്ടത്തിനും നൽകി. മേരിക്കുട്ടിക്ക്​ വീണ് പരിക്കേറ്റെന്ന്​ അറിഞ്ഞ്​ മറ്റ്​ മക്കളായ സാലിയും ഷേർളിയും അനാഥാലയത്തിലെത്തി അമ്മയെ കൊണ്ടുപോകാൻ അനുവാദം ചോദിച്ചു. അധികൃതർ ആദ്യം അനുമതി നൽകിയില്ല. കലക്​ടർ, എസ്​.പി എന്നിവർക്ക്​ പരാതി നൽകിയാണ്​ അനുമതി നേടിയത്​. നട്ടെല്ലിനും മുഖത്തിനും പരിക്കുപറ്റിയ മേരിക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയി ചികിത്സിച്ചു. തുടർന്ന് വളകോടിലെ വീട്ടിൽ കൊണ്ടുവന്ന അമ്മയെ പരിചരിക്കാൻ സാലി വീട്ടിൽനിന്നു. ഇതറിഞ്ഞ എൽസമ്മ സാലിയും ഭർത്താവും വീട്ടിൽ താമസിക്കുന്നതിനെതിരെ കോടതിയിൽനിന്ന്​ ഉത്തരവ്​ വാങ്ങി. വരുമാന മാർഗമില്ലാതായ മേരിക്കുട്ടി സ്ഥലത്തുണ്ടായിരുന്ന പാഴ് മരം വെട്ടിവിൽക്കാൻ ഒരാളുമായി കച്ചവടം ഉറപ്പിച്ചു. ഇതറിഞ്ഞ്​ എൽസമ്മ, റൊണാൾഡ്, സുഹൃത്തുക്കൾ എന്നിവർ രണ്ട് വാഹനങ്ങളിലായി വ്യാഴാഴ്ച വളകോട്ടിൽ എത്തി അവശയായ മേരിക്കുട്ടിയെ മർദിച്ച്​ വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നാണ്​ പരാതി. ഫോട്ടോ. മേരിക്കുട്ടിയെ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.