റീസർവേയിലെ പിഴവ്​ പരിഹരിക്കൽ വൈകുന്നു

പീരുമേട്​: റീസവേ നടപടികളിലെ പിഴവുകൾ പരിഹരിക്കൽ വൈകുന്നതായി ആക്ഷേപം. റീസർവേ കഴിഞ്ഞപ്പോൾ സ്ഥലം ഉടമകളുടെ വില്ലേജുകളടക്കം മാറിപ്പോയ സംഭവങ്ങളുണ്ട്​. സ്ഥലം കൈവശമുണ്ടെങ്കിലും റീസർവേ രേഖകളിൽ കുറവ്​ കാണിക്കുക, കൃഷിഭൂമി സർക്കാർ തരിശാകുക, സർവേ നമ്പർ മാറുക തുടങ്ങി ഒട്ടേറെ പരാതികളും വന്നിട്ടുണ്ട്​​. റീസർവേ രേഖകൾ പരിശോധിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ റവന്യൂ വകുപ്പ് അവസരം നൽകിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് പിഴവുകൾ സ്ഥലം ഉടമകൾ കണ്ടെത്തിയത്. 3200ൽപരം സ്ഥല ഉടമകളുടെ സർവേ നമ്പർ മാറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1300 ലധികം ആളുകൾക്ക് കൈവശം സ്ഥലം ഉണ്ടെങ്കിലും റീസർവേയിൽ കുറവുണ്ടായി. കൃഷി ഭൂമിയും വീടും സർക്കാർ തരിശും 1947ന് മുമ്പുള്ള വഴികളും പുരയിടത്തിലൂടെയായി. റീസർവേയിലെ പിഴവുകൾ പരിഹരിക്കാൻ 100ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും 200 ദിവസം പിന്നിട്ടിട്ടും ഒന്നുമുണ്ടായില്ല. 1975ന് മുമ്പ് പട്ടയം ലഭിച്ച് കൃഷി ചെയ്യുന്നവരാണ് ഇതിലേറെയും. ഇത്തരം രേഖകൾ ഈടുവെച്ച് ബാങ്കുകളിൽനിന്ന് വായ്പ എടുത്തവരുമുണ്ട്. പീരുമേട് വില്ലേജിലെ പാമ്പനാർ റാണി മുടി, പരുന്തുംപാറ, കല്ലാർ ലാഡ്രം മേഖലയിലെ സ്ഥലം ഉടമകൾ ഏലപ്പാറ, മഞ്ചുമല വില്ലേജുകളുടെ പരിധിയിലായി മാറി. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് സമീപം 50 വർഷത്തിലേറെയായി താമസിക്കുന്നവരുടെ സ്ഥലം പൂർണമായും സർക്കാർ തരിശായി മാറി. കുട്ടിക്കാനത്ത് കെ.എ.പി അഞ്ചാം ബറ്റാലിയന്‍റെ ആസ്ഥാന മന്ദിരങ്ങളും ക്യാമ്പും പ്രവർത്തിക്കുന്ന 245 ഏക്കർ സ്ഥലവും സർക്കാർ തരിശാണ്. റീസർവേയിലെ പിഴവുകൾ പരിഹരിക്കാത്തതിനാൽ സ്ഥലം വിൽക്കാനും തടസ്സമുണ്ട്​. റീസർവേ നടപടികളിൽ ആശങ്ക വേണ്ടെന്നും ഉടൻ പരിഹരിക്കുമെന്ന് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപടി ഇഴയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.