പൊന്മുടി ഭൂമി: സി.പി.ഐയെ വിമർശിച്ച്​ മണിയുടെ മകളും മരുമകനും

അടിമാലി: പൊന്മുടി ഭൂമി പാട്ടവിഷയത്തിൽ സി.പി.ഐയെയും റവന്യൂ വകുപ്പിനെയും വിമര്‍ശിച്ച്​ മുൻ മന്ത്രി എം.എം. മണിയുടെ മകളും മരുമകനും രംഗത്ത്​. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. സതിയും ഭർത്താവും രാജാക്കാട്​ സർവിസ്​ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ വി.എ. കുഞ്ഞുമോനുമാണ്​ ഫേസ്​ബുക്ക്​​ പോസ്റ്റിൽ വിമർശനം ഉന്നയിച്ചത്​. പൊന്മുടിയില്‍ റവന്യൂ വകുപ്പിന്‍റെ നീക്കമെന്തെന്ന് സി.പി.ഐ ജില്ല നേതൃത്വം വ്യക്തമാക്കണമെന്ന്​ കുഞ്ഞുമോൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു റവന്യൂ വകുപ്പിനെതിരെ എം.എസ്. സതിയുടെ പോസ്റ്റ്​. ബാങ്ക് ഭരണസമിതിയിൽ സി.പി.ഐ അംഗങ്ങളുമുണ്ട്​. പൊന്മുടി ഹൈഡൽ ടൂറിസം സെന്‍ററിന്​ എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ കെ.എസ്.ഇ.ബി ഭൂമി രാജാക്കാട്​ ബാങ്കിന് പാട്ടത്തിന് നൽകിയിരുന്നു. കൈമാറിയതിൽ റവന്യൂ ഭൂമിയുമുണ്ടെന്ന അവകാശവാദവുമായി ശനിയാഴ്ച ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവേ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ബാങ്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തടഞ്ഞ്​ തിരിച്ചയക്കുകയായിരുന്നു. കെ.എസ്.ഇ.ബിയെയും ബാങ്കിനെയും രേഖാമൂലം അറിയിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. 70 വർഷമായി കെ.എസ്.ഇ.ബി കൈവശം വെച്ച്​ നിരവധി നിർമാണപ്രവർത്തനങ്ങൾ നടത്തിയപ്പോഴൊന്നും അവകാശവാദം ഉന്നയിക്കാതിരുന്നതിനെക്കുറിച്ച്​ റവന്യൂ ഉദ്യോഗസ്ഥർക്കും അവരെ ന്യായീകരിക്കുന്ന സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമനും എന്താണ് പറയാനുള്ളതെന്ന്​ കുഞ്ഞുമോൻ ചോദിച്ചു. 'എം.എം. മണി മരുമകന് പതിച്ച് കൊടുത്ത സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ വരുന്ന ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്കും പരിവാരങ്ങള്‍ക്കും രാജാക്കാട്ടേക്ക്​ സ്വാഗതം' എന്നാണ്​ എം.എസ്. സതിയുടെ പോസ്റ്റിലെ പരിഹാസം. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.