ജില്ലയില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 7122.36 കോടി രൂപ

​വായ്പ -നിക്ഷേപ അനുപാതം 129.57 ശതമാനം തൊടുപുഴ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ വായ്പയായി വിതരണം ചെയ്തത് 7122.36 കോടി രൂപ. ഇതില്‍ 5234.84 കോടി രൂപ മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 3624.42 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 864.21 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലക്ക്​ 746.21 കോടി രൂപയും വിതരണം ചെയ്തു. 2022 മാര്‍ച്ചിലെ കണക്കനുസരിച്ച് ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 10,205.28 കോടി രൂപയും മൊത്തം വായ്പ 13,223.05 കോടി രൂപയും ആണ്. ജില്ലയിലെ വായ്പ -നിക്ഷേപ അനുപാതം 129.57 ശതമാനം എന്നത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്. 2021-22 അവസാനപാദ ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിച്ചത്. യോഗത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ഇടുക്കി മറ്റുള്ള ജില്ലകളില്‍നിന്ന്​ വ്യത്യസ്തമാണെന്നും ആ സമീപനം ബാങ്കുകള്‍ ഉപഭോക്താക്കളോട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്തുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പൊതുജനങ്ങള്‍ക്കു ബാങ്കുകളുടെ സഹകരണം ആവശ്യമുണ്ട്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ ആവശ്യാനുസരണം ശാഖകളും എ.ടി.എമ്മുകളും സ്ഥാപിക്കാന്‍ ബാങ്കുകള്‍ മുന്നോട്ടുവരണമെന്നും എം.പി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് ആകെ 8600.60 കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍ 6901.84 കോടി രൂപ മുന്‍ഗണന വിഭാഗത്തിലാണ്. കാര്‍ഷിക മേഖലയില്‍ 4852.71 കോടി രൂപയും വ്യവസായ മേഖലയില്‍ 849.03 കോടി രൂപയും മറ്റ് മുന്‍ഗണന വിഭാഗത്തില്‍ 1200.10 കോടി രൂപയും ഇതര വായ്പ വിഭാഗത്തില്‍ 1698.76 കോടി രൂപയും വിതരണം ചെയ്യാനാണ് പദ്ധതി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി. അശോക്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജനല്‍ ഓഫിസ് ഡെപ്യൂട്ടി റീജനല്‍ ഹെഡ് സതീഷ്, ഇടുക്കി ജില്ല ലീഡ് ഡിസ്ട്രിക്​റ്റ്​ മാനേജര്‍ ജി. രാജഗോപാലന്‍ വിവിധ വകുപ്പുകളിലെ ജില്ല മേധാവികള്‍, വിവിധ ബാങ്കുകളിലെ മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.