പിന്നിട്ടത് ഇടുക്കിക്ക് സന്തോഷവും ആശങ്കയും ഒരുപോലെ നൽകിയ വർഷം. ചില പ്രതീക്ഷകൾക്ക് ചിറക് മുളച്ചപ്പോൾ ചില സ്വപ്നങ്ങൾ യാഥാർഥ്യമായി. കോവിഡ് ആശങ്കകളൊഴിഞ്ഞ് പല മനോഹര നിമിഷങ്ങൾക്കും മലയോരം സാക്ഷിയായി. ആശങ്കകൾ പലതും കരിനിഴലായി വട്ടമിടുന്നുണ്ടെങ്കിലും മലയോര ജനതക്ക് അതിജീവനത്തിൽ വിശ്വാസമേറെയാണ്. കരുതൽ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൈയേറ്റ വിവാദങ്ങളും കാർഷിക മേഖലയിലെ തകർച്ചയും ഉൾെപ്പടെ സംഭവബഹുലമായാണ് 2022 കടന്നുപോയത്. ശ്രദ്ധേയസംഭവങ്ങളിലേക്ക് ഒരെത്തി നോട്ടം
കരുതലിലെ ആശങ്ക
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ കരുതൽ മേഖലയിൽ ഉൾപ്പെടുത്തുവാനുള്ള തീരുമാനമാണ് ഭൂ പ്രശ്നങ്ങൾ മൂലം പ്രയാസപ്പെടുന്ന ജില്ല ഇത്തവണ നേരിട്ട പ്രധാന വെല്ലുവിളി.
എട്ട് സംരക്ഷണ വനമേഖലകളാണ് ഇടുക്കിയിലുള്ളത്. ഇതിനു ചുറ്റും ജനവാസ മേഖലകളും ഏറെ. കരുതൽ മേഖലയിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കുന്നതിനുള്ള അതിജീവന പോരാട്ടത്തിലാണ് മലയോര ജനത. പലയിടങ്ങളിലും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. റോഡ് ഉപരോധങ്ങളും പ്രതിഷേധക്കൂട്ടായ്മയുമാണ് എങ്ങും. പടി കടന്നെത്തുന്ന പുതുവർഷത്തിലും ഈ സമരത്തീ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചതിനെ ഏറെ പ്രതീക്ഷയോടെയാണ് മലയോര ജനത നോക്കിക്കാണുന്നത്.
ആനന്ദംനീലക്കുറിഞ്ഞി വസന്തം
അപ്രതീക്ഷിതമായി എത്തിയ കള്ളിപ്പാറ മലനിരകളിലെ നീല വസന്തം കാണാൻ ഇടുക്കിയിലേക്ക് എത്തിയത് ആയിരങ്ങളാണ്. ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിൽ ഒക്ടോബർ ആദ്യ വാരമാണ് നീലക്കുറിഞ്ഞി പൂത്തത്. പല ജില്ലകളിൽനിന്നുള്ളവരും കാഴ്ച കാണാൻ ഇടുക്കിയിലേക്കെത്തിയതോടെ കോവിഡ് തളർത്തിയ വിനോദ സഞ്ചാരമേഖലക്ക് അത് പുത്തൻ ഉണർവും സമ്മാനിച്ചു. 20 ദിവസത്തിനുള്ളിൽ 15 ലക്ഷത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
ഒടുവിൽ വിമാനമിറങ്ങി
പല തവണ പാളിപ്പോയെങ്കിലും വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൽ അവസാനം വിമാനമിറങ്ങുകതന്നെ ചെയ്തു. വനംവകുപ്പിന്റെ എതിർപ്പ്, മണ്ണിടിച്ചിൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിമാനമിറങ്ങുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു. ഒടുവിൽ ഡിസംബർ ഒന്നിനാണ് എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു-80 വിമാനം ട്രയൽ ലാൻഡിങ് നടത്തിയത്. സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എയർ സ്ട്രിപ്പിന് തുടക്കം കുറിച്ചത്.
കണ്ണീരിൽ കാർഷിക മേഖല
കാർഷികോൽപന്നങ്ങൾക്ക് വിലയില്ലാത്തതും വന്യമൃശല്യം മൂലമുണ്ടാകുന്ന കൃഷി നാശവുംമൂലം ഹൈറേഞ്ചിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ നാളുകളാണ് കടന്നുപോയത്. വിളകളുടെ വിലയിടിയുന്നതിനൊപ്പം വളം, കീടനാശിനി എന്നിവയുടെ വിലയും പണിക്കൂലിയും അടിക്കടി ഉയരുകയാണ്. ഏലം, കുരുമുളക്, റബർ എന്നീ കൃഷികളെല്ലാം ഏതാനും വർഷമായി കർഷകർക്ക് നഷ്ടം മാത്രമാണ് സമ്മാനിക്കുന്നത്. ഏലം ലേല കേന്ദ്രത്തിലെ കള്ളക്കളികളും കുത്തക വ്യാപാരികളുടെ ഇടപെടലുംമൂലം അയ്യായിരത്തിൽ നിന്ന് ആയിരത്തിലേക്ക് ഏലം വില കൂപ്പുകുത്തി. വെട്ടുകൂലി നൽകാനുള്ള വരുമാനംപോലും റബറിൽനിന്ന് ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വന്യമൃഗങ്ങൾ കൂട്ടത്തോടെ ഇറങ്ങി വിളകൾ നശിപ്പിക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്. കാർഷിക മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഹൈറേഞ്ചിലെ വ്യാപാര മേഖല മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
‘കൊല’ വിളികൾ നിലക്കുന്നില്ല
നെഞ്ച് പൊടിയുന്ന വാർത്ത കേട്ടുകൊണ്ടാണ് മാർച്ച് 20-ന് ചീനിക്കുഴി ഉണർന്നത്. ഉറങ്ങിക്കിടന്ന ഗൃഹനാഥനെയും ഭാര്യയെയും രണ്ട് പെൺമക്കളെയും തീയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു അത്. ആ അരുംകൊല ചെയ്തതാകട്ടെ ഗൃഹനാഥന്റെ അച്ഛൻ. ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ(79) പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബ പ്രശ്നത്തിന്റെ പേരിലാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത്. മുഹമ്മദ് ഫൈസലും കുടുംബവും കിടന്ന മുറി പുറത്തുനിന്ന് കുറ്റിയിട്ടതിന് ശേഷം ജനലിലൂടെ പെട്രോൾ കുപ്പി എറിഞ്ഞ് തീയിടുകയായിരുന്നു. ഓടിയെത്തുന്നവർ വെള്ളമൊഴിച്ച് കെടുത്താതിരിക്കാൻ ടാങ്കിലെ വെള്ളവും ഒഴുക്കിവിടുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാല് പേരും പെള്ളലേറ്റും ശ്വാസംമുട്ടിയും മരണപ്പെടുകയായിരുന്നു.
പൈനാവിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പ് ദിവസം വിദ്യാർഥി കൊല്ലപ്പെട്ടത് നോവായി മാറി. എസ്.എഫ്.ഐ. നേതാവും കണ്ണൂർ തളിപ്പറമ്പ് തച്ചമ്പരം പട്ടപ്പാറ അദ്വൈതം വീട്ടിൽ ധീരജ് രാജേന്ദ്രനാണ് കുത്തേറ്റ് മരിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി ഉൾപ്പെെടയുള്ളവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളിന് ശേഷം ഇവർ ജാമ്യത്തിൽ ഇറങ്ങി.
ഹോട്ടലിലെ ഭക്ഷണത്തിനെച്ചൊല്ലിയുള്ള തർക്കം മൂലമറ്റത്ത് വെടിവെപ്പിലേക്കും ഒരു ജീവൻ നഷ്ടപ്പെടുന്നതിലേക്കും നയിച്ച സംഭവവുമുണ്ടായി. എ.കെ.ജി. ജങ്ഷനിൽ മാർച്ച് 26ന് രാത്രി 10നായിരുന്നു സംഭവം. ഇടുക്കി കീരിത്തോട് സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായിരുന്ന പാട്ടത്തിൽ സനൽബാബുവാണ്(32) കൊല്ലപ്പെട്ടത്. സുഹൃത്ത് കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്കരന്(32) ഗുരുതര പരിക്കേറ്റു. വെടിവെച്ച മൂലമറ്റം വാവേലി പുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ ആറിന് ഉടുമ്പൻചോല ചെമ്മണ്ണാറിലെ വീടിന് സമീപത്തെ മരച്ചുവട്ടിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞു. സേനാപതി വട്ടക്കപ്പാറ വരിക്കപ്പള്ളി ജോസഫാണ്(56) മരിച്ചത്. ഇയാൾ മോഷ്ടാവാണെന്ന് പിന്നീട് അറിഞ്ഞു. സംഭവത്തിൽ ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മോഷ്ടിക്കാൻ കയറിയ ജോസഫിനെ രാജേന്ദ്രൻ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ഇതിനിടെ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നടന്നത് പതിനാറോളം കൊലപാതകം
ഈ വര്ഷം പതിനാറോളം കൊലപാതകമാണ് ജില്ലയില് നടന്നത്. പ്രതികളെ പൊലീസിന് പിടികൂടാനായെങ്കിലും കൊലപാതകങ്ങൾ പലതും നാടിനെതന്നെ ഞെട്ടിക്കുന്ന സംഭവങ്ങളായി മാറുകയായിരുന്നു. മദ്യലഹരിയിലുണ്ടാകുന്ന തര്ക്കങ്ങളും പണമിടപാടുകളുമാണ് പല കൊലപാതകങ്ങള്ക്കും പിന്നിലുള്ളത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളും ആവർത്തിക്കുകയാണ്.
തിരികെ കിട്ടി മെഡിക്കൽ കോളജ്
ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ഇടുക്കിയിൽ പരിമിതികൾ ഏറെയുണ്ട്. 2014ൽ ജില്ല ആസ്ഥാനത്ത് ഇടുക്കി മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ആ പരിമിതികളെ ഒരു പരിധി വരെ മറികടക്കാൻ കഴിയുമെന്നും വിചാരിച്ചു. എന്നാൽ, പ്രവർത്തനം തുടങ്ങി രണ്ട് വർഷമായപ്പോഴേക്കും അസൗകര്യങ്ങളുടെ പേരിൽ 2016ൽ അംഗീകാരം റദ്ദായി. ഇത് ഏറെ ആക്ഷേപങ്ങൾക്കും ഇടയാക്കി. എന്നാൽ, 2022ൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം തിരിച്ചു കിട്ടി. അൻപത് സീറ്റുണ്ടായിരുന്നത് നൂറായി വർധിപ്പിച്ചാണ് മടങ്ങിവരവ്.
കാലെടുത്ത് വെച്ചത് അൻപതിന്റെ നിറവിൽ
അൻപതിെന്റ നിറവിലേക്കാണ് 2022ൽ ഇടുക്കി കാലെടുത്ത് വെച്ചത്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഇടുക്കിക്ക് അൻപത് വയസ്സ് തികഞ്ഞു. സംസ്ഥാനത്തിന്റെ കാർഷിക സമൃദ്ധിക്ക് മുതൽക്കൂട്ടായി മാറിയ സുഗന്ധ വ്യഞ്ജനങ്ങളുടെ നാടിന്റെ സുവർണ ജൂബിലി ജില്ലയും ജനങ്ങളും ജില്ല ഭരണകൂടവും കോവിഡ് ആശങ്കകൾക്കിടയിലും സമുചിതമായി തന്നെയാണ് ആഘോഷിച്ചത്. 1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപവത്കരിച്ചത്.
ഉരുൾ കൊണ്ടുപോയത് ജീവനുകൾ
ഉരുൾപൊട്ടലും മണ്ണിടിച്ചിലും എല്ലാ വർഷവും ഇടുക്കിയിൽ ജീവനെടുക്കാറുണ്ട്. ആഗസ്റ്റ് 28-ന് രാത്രി കുടയത്തൂരിൽ പെയ്തിറങ്ങിയ മഴയിൽ മോർക്കാട് മലയുടെ താഴെ നിന്ന് പൊട്ടി വന്ന ഉരുൾ ഒരു കുടുംബത്തെ മുഴുവൻ മണ്ണിലാഴ്ത്തി. സംഗമം കവലയിൽ മാളിയേക്കൽ കോളനിയുടെ മുകളിലാണ് അന്ന് ഉരുൾ പൊട്ടിയത്. ചിറ്റടിച്ചാലിൽ സോമൻ (58), അമ്മ തങ്കമ്മ (80), ഭാര്യ ജയ (54), മകൾ ഷിമ (28), ഷിമയുടെ മകൻ ദേവാക്ഷിത് (5) എന്നിവരാണ് അന്ന് മരിച്ചത്. പാറകളിൽ തട്ടി ഉരുൾ വഴിമാറിയതിനാൽ വലിയ ദുരന്തമാണ് അന്ന് ഒഴിവായത്.
വട്ടവട പുതുക്കടിയിൽ നവംബർ 12-നുണ്ടായ ഉരുൾപൊട്ടലിൽ വിനോദ സഞ്ചാരിയും മരണമടഞ്ഞു. കോഴിക്കോട് മുത്തപ്പൻകാവ് കല്ലറവീട്ടിൽ രൂപേഷാണ് മരിച്ചത്. ചളിയിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് ബന്ധുക്കളെ പുറത്തെത്തിച്ചശേഷം ബസ് തള്ളി മാറ്റാൻ ശ്രമിക്കുമ്പോഴാണ് ഉരുളിൽപ്പെട്ടത്.
ലഹരികടത്തിന്റെ ഇടനാഴി
ജില്ലയിൽ ലഹരിക്കേസുകളിൽ പിടിയിലായവരുടെ എണ്ണവും കുറവായിരുന്നില്ല. 32 കിലോയോളം കഞ്ചാവാണ് എക്സൈസ് അധികൃതർ ഇക്കാലയളവിൽ പിടിച്ചെടുത്തത്. ഇക്കാലയളവിൽ 12.899 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ജനുവരി മുതൽ നവംബർ വരെ 505 മയക്കുമരുന്ന് കേസാണ് ജില്ലയിൽ പിടികൂടിയത്. 819 അബ്കാരി കേസും പിടികൂടി. തൊടുപുഴ കേന്ദ്രീകരിച്ച് പിടിയിലാകുന്നവരുടെ എണ്ണവും കൂടിവരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 മയക്കുമരുന്ന് കേസും 18 അബ്കാരി കേസും തൊടുപുഴയിൽ മാത്രം പിടികൂടി.
കർഷകരെ ദുരിതത്തിലാക്കി ആഫ്രിക്കൻ പന്നിപ്പനി
നവംബർ ഒൻപതിനാണ് ജില്ലയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ആദ്യം ഒരു ഫാമിൽ സ്ഥിരീകരിച്ചെങ്കിലും പിന്നീട് സമീപ പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിച്ചു. 1147 പന്നികളെ ഇതുവരെ ദയാവധത്തിന് വിധേയമാക്കി. നിരവധി കർഷകർക്കാണ് ഇത് മൂലം നഷ്ടം സംഭവിച്ചത്.
സരിന്റെ അതിജീവന പോരാട്ടം
സരിൻ അതിജീവന പോരാട്ടം ലക്ഷ്യം കണ്ടതും എടുത്തു പറയേണ്ട ഒരു സംഭവമാണ്. കണ്ണംപടി എന്ന ആദിവാസി മേഖലയിൽനിന്ന് കിലോമീറ്ററുകളോളം നടന്ന് പഠിച്ച് ഡിഗ്രി എടുത്ത് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടംനേടിയ മിടുക്കനാണ് സരിൻ എന്ന യുവാവ്. കാട്ടിറച്ചി വിൽപന നടത്തിയെന്ന കള്ളക്കേസിൽ കുടുക്കി സരിനെ സെപ്റ്റംബർ 20-ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതോടെ സരിന്റെ ജീവിതം ഇരുട്ടിലായി. എങ്കിലും അവിടെ അവൻ തന്റെ നിയമ പോരാട്ടം ആരംഭിച്ചു. അവനൊപ്പം ആദിവാസി സമൂഹവും ഒരുമിച്ചു. ഇതോടെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ടി വന്നു. സരിനെ കള്ളക്കേസിൽ കുടുക്കിയ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും കൃത്യവിലോപം കാട്ടിയ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുലിനെയും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കേസുമെടുത്തു.
ഒറ്റരാത്രിയിൽ റോഡിൽ പൊലിഞ്ഞത് എട്ട് ജീവൻ
ശബരിമല തീർഥാടനം കഴിഞ്ഞ് വന്ന പത്തംഗ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് കുമളിക്ക് സമീപം എട്ട് പേരാണ് മരിച്ചത്. ഡിസംബർ 23ന് രാത്രി പത്തോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട് റോഡിൽനിന്നും പൊങ്ങി തെറിച്ച് സമീപമുള്ള മരത്തിൽ ഇടിച്ച് മുല്ലപ്പെരിയാറിൽനിന്നും വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പിൽ തല കീഴായി പതിക്കുകയായിരുന്നു. 20 മീറ്ററ്റോളം താഴേക്ക് നിരങ്ങിപ്പോയ വാഹനം കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ആണ്ടിപ്പെട്ടി സ്വദേശികളായ മുനിയാണ്ടി (55), ദേവദാസ് (55), കന്നിസാമി(55), നാഗരാജ് (46), വിനോദ്(47), ശിവകുമാർ(45), കലൈസെൽവൻ (45) മരിച്ചു. ഡ്രൈവറായ ഗോപാലകൃഷ്ണൻ (42) ശനിയാഴ്ച പുലർച്ച തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജയും ഇയാളുടെ മകൻ ഏഴുവയസ്സുകാരൻ ഹരിഹരനും മാത്രമാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നിരത്തുകളിൽ പൊലിഞ്ഞത് 91 ജീവൻ
2022ൽ നിരത്തുകളിൽ മരിച്ചത് 91 പേരാണ്. ഒരുമാസം ശരാശരി എട്ടുപേർ മരിക്കുന്നതായാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഈ വർഷം ജനുവരി ഒന്നുമുതൽ നവംബർ 30 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1066 അപകടമാണ് റിപ്പോർട്ട് ചെയ്തത്. 1381 പേർക്ക് പരിക്കേറ്റു.
അഭിമാനമായി അശ്വതിയും നീതുവും
നേട്ടങ്ങൾ പിടിച്ചെടുത്തവരിലും ഇടുക്കിയുടെ താരങ്ങളുണ്ട്. ദേശീയ ഗെയിംസ് ചരിത്രത്തിൽ ജൂഡോയിൽ ആദ്യ സ്വർണം അശ്വതി സ്വന്തമാക്കിയത് ഇടുക്കിയുടെ നേട്ടമായി. കഞ്ഞിക്കുഴി പഴയരിക്കണ്ടം പുലിയെള്ളുമ്പുറത്ത് പി.ആർ. അശ്വതിയാണ് ഒക്ടോബറിൽ നടന്ന ദേശീയ ഗെയിംസിൽ അഭിമാനകരമായ നേട്ടം കൈവരിച്ചത്. കൂടാതെ നാടിന്റെ അഭിമാനമായി നീതു ആദ്യ ഐ.എഫ്.എസുകാരിയെന്ന പട്ടം നേടിയതും വിടപറയുന്ന ഈ വർഷമാണ്. 28ാം റാങ്കാണ് നേടിയത്. കാന്തല്ലൂർ പെരുമവ തോപ്പൻ വീട്ടിൽ നീതു ജോർജാണ് ആ മിടുക്കി.
ഹീറോയായി പുലി ഗോപാലൻ
കാട്ടാനയും പുലിയും കടുവയുമൊക്കെ ഇടുക്കിയിൽ വിതക്കുന്ന ഭീതി ചെറുതൊന്നുമല്ല. മനുഷ്യരുടെയും വളർത്തുമൃഗങ്ങളെയുമൊക്കെ ഇവ ആക്രമിച്ച് കൊലപ്പെടുത്താറുമുണ്ട്. എന്നാൽ, തനിക്ക് നേരെ കുതിച്ചെത്തിയ പുലിയെ നേരിട്ട പുലി ഗോപാലനായിരുന്നു വാർത്തയിലെ താരം. മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ആദിവാസി കോളനിയിലാണ് ഗോപലാൻ താമസിക്കുന്നത്. കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന ഗോപാലന് നേരെ പുലി കുതിച്ചെത്തുകയായിരുന്നു എന്നാൽ, ഗോപാലൻ പുലിയോട് മല്ലിട്ടു. കൈയിലിരുന്ന വാക്കത്തി കൊണ്ട് അടിച്ചു. ആ അടിയിൽ പുലി ചാകുകയും ചെയ്തു. സെപ്റ്റംബർ മൂന്നിന് പുലർച്ചയായിരുന്നു സംഭവം.
മുല്ലപ്പെരിയാറും ഇടുക്കിയും
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ ഈ വർഷവും തുറന്നു. ആഗസ്റ്റ് ഏഴിനാണ് ഇടുക്കി ആദ്യം തുറന്നത്. ശക്തമായ നീരൊഴുക്കും മുല്ലപ്പെരിയാർ ഡാം തുറന്നുവെച്ചിരിക്കുന്നതും മൂലം ഇടുക്കി ഡാമിലെ ജലനിരപ്പുയർന്നതോടെയാണ് മുൻകരുതലിന്റെ ഭാഗമായി തുറന്നത്. മുല്ലപ്പെരിയാറിൽ കുറച്ചു ദിവസങ്ങളായി 141ന് മുകളിലാണ് ജലനിരപ്പ്.
എം.ടിയുടെ പിറന്നാൾ മധുരത്തിന് സാക്ഷി
മലയാളത്തിന്റെ പ്രിയ കഥാകാരന്റെ നവതി ആഘോഷത്തിന് ഇടുക്കി സാക്ഷ്യം വഹിച്ചതും 2022ലാണ്. 1969ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത് ഓളവും തീരവും സിനിമക്ക് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന പുനരാവിഷ്കാരത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനിലാണ് എം.ടി നവതി ആഘോഷിച്ചത്. മോഹൻലാൽ, പ്രിയദർശൻ, എം.ടിയുടെ മകൾ അശ്വതി, നടി ദുർഗകൃഷ്ണ, സന്തോഷ് ശിവൻ എന്നിവരെല്ലാം ഒപ്പമുണ്ടായിരുന്നു. കേക്കും മുറിച്ച് സിനിമ അണിയറ പ്രവർത്തകർക്കൊപ്പം സദ്യയും കഴിച്ചാണ് എം.ടി മടങ്ങിയത്.
റദ്ദാക്കിയ രവീന്ദ്രൻ പട്ടയം
ഏറെ കോളിളക്കം സൃഷ്ടിച്ച രവീന്ദ്രൻ പട്ടയങ്ങൾ ജനുവരിയിൽ സർക്കാർ റദ്ദാക്കി. ദേവികുളം താലൂക്കിലെ അഡീ. തഹസിൽദാറായി ചുമതല വഹിച്ചിരുന്ന രവീന്ദ്രൻ നൽകിയ പട്ടയങ്ങളാണ്. ഇത് അദ്ദേഹം അധികാരം മറികടന്ന് നൽകിയതെന്നാണ് ആരോപണം. ഇതിൽ അർഹരായവർക്ക് പട്ടയം വീണ്ടും നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.