തൊടുപുഴ: റോഡുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ പൊലിയുന്നത് നിരവധി ജീവൻ. 2024 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്ക് പരിശോധിച്ചാൽ എട്ട് മാസത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത് 78 പേരാണ്. 903 റോഡ് അപകടങ്ങളും ഇക്കാലയളവിൽ ഉണ്ടായി. 1177 പേർക്ക് പരിക്കേറ്റു. വാഹനങ്ങളുടെ അമിത വേഗം, അശ്രദ്ധമായുള്ള ഡ്രൈവിങ്, റോഡ് നിർമാണത്തിലെ അശാസ്ത്രീയത തുടങ്ങി നിരവധി കാരണങ്ങളാണ് അപകടങ്ങളുടെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇടുക്കിയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയും അപകടസാധ്യത കൂട്ടുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ ഇടുക്കിയിലെ റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. ഹൈറേഞ്ചിലെ പല റോഡുകൾക്കും ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളിൽപോലും വേണ്ടത്ര അപകടസൂചന ബോർഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. ഹൈറേഞ്ച് മേഖലകളിലുൾപ്പെടെ പലയിടത്തും റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
റോഡിലെ വൻ കുഴികളിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. ചിലയിടങ്ങളിൽ കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് കാടും മരച്ചില്ലകളും മറ്റും വളർന്നുനിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. റോഡുകളുടെ അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്കു വഴിതെളിക്കുന്നതായി ആരോപണമുണ്ട്. റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ പരിശോധനകളും ബോധവത്കരണവും ഊർജിതമാക്കാൻ നടപടി സ്വീകരിച്ച് വരുന്നതായി മോട്ടോർ വാഹന വകുപ്പും ട്രാഫിക് പൊലീസും ചൂണ്ടിക്കാട്ടി.
മൂന്നാർ പാതയിൽ അപകടം പതിവ് അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ മൂന്നാർ വരെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേര്യമംഗലത്തിന് സമീപം ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ അപകടത്തിൽപെട്ട് മരിച്ചതാണ് ഒടുവിലായി നടന്നത്. വനമേഖലയിൽ റോഡിന് വീതി തീരെ കുറവും ഹെയർപിൻ വളവുകളും നിറഞ്ഞ ഈ പാതയിൽ ചെറിയ ശ്രദ്ധക്കുറവുപോലും ദുരന്തത്തിന് കാരണമാകുന്നു.
കൂമ്പൻപാറ മുതൽ മൂന്നാർ വരെയും അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടങ്ങൾ വർധിക്കാൻ ഒരു പ്രധാന കാരണം. റോഡിനെക്കുറിച്ച് ധാരണയില്ലാതെ അമിതവേഗത്തിൽ വരുന്ന വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെടുന്നതിൽ കൂടുതലും. അഞ്ചിൽ കൂടുതൽ ആളുകൾ മരിച്ച നിരവധി ദുരന്തങ്ങൾ ഈ പാതയിൽ ഉണ്ടായിട്ടുണ്ട്. ദേശീയപാതയിൽ നടക്കുന്ന നവീകരണം പൂർത്തിയാകുന്നതോടെ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കുഞ്ചിത്തണ്ണി-ബൈസൺവാലി-ചിന്നക്കനാൽ റോഡാണ് അപകടം കൂടുതൽ ഉണ്ടാക്കുന്ന മറ്റൊരു പാത. കല്ലാർകുട്ടി-മൈലാടുംപാറയും നിരവധി ദുരന്തങ്ങൾ സാക്ഷ്യംവഹിച്ച പാതയാണ്.
അതുപോലെ മൂന്നാർ സഞ്ചാരകേന്ദ്രത്തിന്റെ ഭാഗമായ മുല്ലക്കാനം-തേക്കിൻകാനം പാതയും വലിയ അപകട പതയാണ്. ഏതാനും വർഷം മുമ്പ് ഏഴ് വിദ്യാർഥികൾ അപകടത്തിൽ മരിച്ചത് ഈ പാതയിലാണ്. സ്ഥിരം നിയമലംഘകരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് തൊടുപുഴ: വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സ്ഥിരമായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാരെ കണ്ടെത്തി നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയാറാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പട്ടികയിൽ പേര് വരുന്ന ഡ്രൈവർമാർക്ക് പ്രത്യേകം പരിശീലനം നൽകാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. എ.ഐ കാമറയിൽ ഉൾപ്പെടെ കുടുങ്ങിയിട്ടുള്ളവരുടെയും ഗതാഗത നിയമലംഘനത്തിന് ഒന്നിലധികം തവണ പിഴയൊടുക്കിയവരുടെയും പേരുകളാണ് വകുപ്പ് കണ്ടെത്തുന്നത്. ആദ്യഘട്ടത്തിൽ ഇവരുടെ പട്ടിക തയാറാക്കുകയും പിന്നീട് പരിശീലനത്തിന് ഹാജരാകാൻ നോട്ടീസ് നല്കുകയും ചെയ്യാനാണ് നിർദേശം. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഇത്തരം നിയമലംഘകർക്ക് പരിശീലനം നൽകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.