തൊടുപുഴ: വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് ജില്ലയിൽ സ്പെഷൽ ഡ്രൈവ് ആരംഭിക്കുന്നു. ഒരു മാസത്തേക്കാണ് പ്രത്യേക പരിശോധന ആരംഭിക്കുന്നത്. റോഡപകടങ്ങൾ തടയുക, നിയമലംഘനങ്ങൾക്കെതിരെ കൾശന നടപടിയെടുക്കുക തുടങ്ങിയവയാണ് സ്പെഷൽ ഡ്രൈവിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ ജില്ലയിലെ ബ്ലാക്ക് സ്പോട്ടുകളിൽ കർശന പരിശോധന നടത്താനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
നിയമ ലംഘനങ്ങൾക്കെതിരെ കൾശന നടപടി കൈക്കൊള്ളുമെന്ന് ഇടുക്കി ആർ.ടി.ഒ അറിയിച്ചു.അമിത വേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ എന്നിവ കണ്ടെത്താൻ പ്രത്യേക പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടിയുണ്ടാകും. ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങ് പ്രധാന പ്രശ്നമാണ്. ഇതിന് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. രാജീവ് പറഞ്ഞു.
പ്രധാന റോഡുകളില്‍ ഇടക്ക് വാഹനം നിര്‍ത്തി ചായയോ കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാക്കും. നിശ്ചിത അകലത്തില്‍ അതുപോലെ അപകട സാധ്യതയുള്ള ഒട്ടേറെ റോഡുകളുണ്ട്. ഇവിടങ്ങളിൽ കൃത്യമായ അടയാളപ്പെടുത്തല്‍, ജാഗ്രതപ്പെടുത്തല്‍ എന്നിവ പലയിടത്തും ചെയ്തിട്ടുണ്ടെന്നും ആർ.ടി.ഒ പറഞ്ഞു.
ഒരുമാസത്തിനിടെ ജില്ലയിൽ ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടം ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങിൽ ജില്ലയിൽ കണ്ടെത്തിയത് 161 അപകട സാധ്യത മേഖലകളാണ്. 2018 മുതൽ 2021 വരെയുള്ള അപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചും അപകടങ്ങളുടെ എണ്ണം കണക്കിലെടുത്തുമാണ് മാപ്പിങ്ങിലൂടെ മേഖലകൾ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചിരിക്കുന്നത്. ജില്ലയിൽ ബ്ലാക്ക് സ്പോട്ടുകൾ 20 എണ്ണമാണ് ഉള്ളത്.
അപകടങ്ങൾ പതിവാകുന്ന ഇടങ്ങളിൽ മുൻകരുതൽ നടപടി സ്വീകരിക്കാനും ഇവിടങ്ങളിൽ പട്രോളിങ് നടത്താനുമാണ് ഇത്തരമൊരു പഠനം നടത്തിയത്. മുൻകാലങ്ങളിൽ കൂടുതൽ അപകടങ്ങൾ നടന്ന സ്ഥലങ്ങളെയടക്കം കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് ഹൈറിസ്ക്, മോഡറേറ്റ്, ലോ റിസ്ക് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നത്.
ശരാശരി ജില്ലയിൽ ഒരുമാസം ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടം ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. തകർന്ന റോഡുകൾ, വാഹനങ്ങളുടെ അമിത വേഗം, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങിയവ തന്നെയാണ് മിക്ക അപകടങ്ങൾക്കും കാരണം.
ഹൈറിസ്ക് 27
വാഹന അപകടങ്ങളുടെ എണ്ണം പരിശോധിച്ചതിൽ ജില്ലയിൽ ഹൈറിസ്ക് വിഭാഗത്തിൽ വരുന്നത് 27 ഇടങ്ങളാണ്. അഞ്ചുമുതൽ പത്തുവരെ അപകടങ്ങൾ സംഭവിച്ച ഇടങ്ങൾ ലോറിസ്ക് മേഖലകളും പത്ത് മുതൽ 15 വരെയുള്ളത് മോഡറേറ്റും 15 ന് മുകളിൽ ഹൈറിസ്കുള്ള പ്രദേശങ്ങളുമായാണ് മാർക്ക് ചെയ്തിരിക്കുന്നത്. മേഡറേറ്റ് പ്രദേശങ്ങളിൽ 54ഉം ലോറിസ്കിൽ 80 പ്രദേശങ്ങളും ഉൾപ്പെടും.
ദേവികളും താലൂക്കിൽ- അഞ്ച്, തൊടുപുഴ-12, ഉടുമ്പൻചോല- മൂന്ന്, പീരുമേട്-രണ്ട്, ഇടുക്കി -അഞ്ച് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള ഹൈറിസ്ക് മേഖലകൾ. മോഡറേറ്റിൽ ദേവികുളം- 13, തൊടുപുഴ- 17, ഉടുമ്പൻചോല- ഒമ്പത്, പീരുമേട്- ഒമ്പത്, ഇടുക്കി -ആറ്. ലോ റിസ്കിൽ ദേവികുളം- 18, തൊടുപുഴ -18, ഉടുമ്പൻചോല- 14, പീരുമേട് -14, ഇടുക്കി -16 എന്നിങ്ങനെയാണ് പ്രദേശങ്ങൾ. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പഠനങ്ങൾ നടത്തി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട നടപടികൾ വിശകലനം ചെയ്തും പഠിച്ചും അപകടങ്ങൾ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് മാപ്പിങ്ങിന്റെ ലക്ഷ്യം. കൂടാതെ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതകളിൽ 45 ഇടങ്ങളിലും സംസ്ഥാന ഹൈവേയിൽ 60 ഇടങ്ങളിലും അപകട സാധ്യത മേഖലകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.