െതാടുപുഴ: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശം. വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു.കാറ്റിൽ മരങ്ങൾ വീണാണ് വീടുകൾ തകർന്നത്. വട്ടവട മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ. ഇവിടെ ഒരു വീട് പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു.വ്യാപക കൃഷിനാശവും ഉണ്ടായി. കട്ടപ്പന, മാങ്കുളം, രാമക്കൽ മേട്, മൂന്നാർ എന്നിവിടങ്ങളിലെല്ലാം കാറ്റിൽ മരം ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും നിലച്ചു.ഗ്രാമീണ മേഖലയിലടക്കം ശനിയാഴ്ച വൈകീട്ടോടെയാണ് വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാനായത്. വിദൂര മേഖലയിൽ പലയിടത്തും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിെൻറ ഭാഗമായി മലങ്കര , പാബ്ല, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നുവിട്ടു.നിരവധിയിടങ്ങളിൽ മരങ്ങൾ വീണും വൈദ്യുതി പോസ്റ്റും വീണാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി വ്യാപക നാശം ഉണ്ടായത്.ജില്ലയിൽ അടിയന്തര സാഹചര്യം നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
തൊടുപുഴയില്‍ 44 വീടുകൾ ഭാഗികമായി തകർന്നു
തൊടുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ വിവിധയിടങ്ങളിലായി നിരവധി വീടുകള്‍ക്ക് നാശം. 44 വീടുകൾ ഭാഗികമായി തകർന്നു. വെള്ളിയാമറ്റത്താണ് ഏറെ നാശമുണ്ടായത്. കാറ്റത്ത് മേല്‍ക്കൂര പറന്നുപോയും മരങ്ങള്‍ വീണുമാണ് വീടുകള്‍ തകർന്നത്. ഏതാനും വീടുകളുടെ സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും റബര്‍, വാഴ, ജാതി, കൊക്കോ തുടങ്ങിയ കൃഷിയും നശിച്ചിട്ടുണ്ട്. ഇതോടൊപ്പം മരങ്ങള്‍ വീണ് വിവിധയിടങ്ങളിലായി ഒട്ടനവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീഴുകയും ലൈന്‍ പൊട്ടുകയും ചെയ്തു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജിത ശ്രമത്തിെൻറ ഭാഗമായി പലയിടത്തെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. താമസയോഗ്യമല്ലാതായ വീടുകളില്‍നിന്നുള്ളവര്‍ സമീപ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും താല്‍ക്കാലികമായി മാറിത്താമസിച്ചു. താലൂക്ക്-വില്ലേജ് ഓഫിസുകളില്‍നിന്നുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു. വീടുകളിലും കൃഷിയിടങ്ങളിലുമുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ തുടരുകയാണെന്നും അടുത്ത ദിവസങ്ങളിലെ പൂര്‍ണമായ വിവരം ലഭ്യമാകൂവെന്നും അധികൃതര്‍ അറിയിച്ചു.ഉടുമ്പന്നൂര്‍ വില്ലേജില്‍ എട്ട് വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും നശിച്ചു. ചെപ്പുകുളം, മഞ്ചിക്കല്ല്, ഉടുമ്പന്നൂര്‍, ഉപ്പുകുന്ന്, ഏഴാനിക്കൂട്ടം എന്നിവിടങ്ങളിലായാണ് വീടുകള്‍ തകര്‍ന്നത്. വെള്ളിയാമറ്റം വില്ലേജില്‍ 13 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ചെപ്പുകുളം, കുടയത്തൂര്‍ മുതിയാമല, കൈപ്പ, വെള്ളിയാമറ്റം എന്നിവിടങ്ങളിലാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. അറക്കുളം വില്ലേജില്‍ നാല് വീടുകള്‍ക്ക് നാശം സംഭവിച്ചു. മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് വീടുകള്‍ തകര്‍ന്നത്. ഇലപ്പള്ളി വില്ലേജില്‍ കണ്ണിക്കല്‍ ഭാഗത്ത് ഗ്രാമീണ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അന്ത്യന്‍പാറ ഭാഗത്ത് മൂലമറ്റം-വാഗമണ്‍ പാതയിലേക്ക് മരം ഒടിഞ്ഞുവീണു.
ഇടുക്കി താലൂക്കിൽ 59 വീട് തകർന്നു
കട്ടപ്പന: പേമാരിയില്‍ ഇടുക്കി എട്ടാം മൈല്‍, കരിമ്പന്‍സിറ്റി, കാല്‍വരിമൗണ്ട്, ഇരട്ടയാർ മേഖലകളില്‍ വ്യാപകനാശം. 59 വീടുകൾക്ക് പൂർണമായോ ഭാഗികമായോ നാശം സംഭവിച്ചു. ഇടുക്കി എട്ടാംമൈല്‍ കൂമ്പുക്കല്‍ കെ.സി. ജോര്‍ജിെൻറ വീട് പൂര്‍ണമായി തകര്‍ന്നു. ഇവിടെ വാടകക്ക് താമസിച്ചിരുന്ന 10ാം മൈല്‍ പ്ലാപ്പള്ളില്‍ ജിന്‍സനും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. മരം വീണ് കരിമ്പന്‍സിറ്റി പാലംചേരിയില് ഓമനയുടെ വീട് തകര്‍ന്നു. ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഒമ്പതാംമൈല്‍ പുഴമംഗലം കുഞ്ഞുമോെൻറ വീടും തകര്‍ന്നു. കരിമ്പന്‍സിറ്റി പാലത്താനം സജിയുടെ വീടിെൻറ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ നിലംപൊത്തി. വയലുങ്കല്‍ ശാന്തമ്മയുടെ വീടിെൻറ ഒരുഭാഗം തകര്‍ന്നു.കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗം ചെറിയാന് കട്ടക്കയത്തിെൻറ സ്റ്റോര്‍ മുറിയുടെ മേല്‍ക്കൂരയും നിലംപൊത്തി. കരിമ്പനക്കല്‍ ജോമോന്, കറുകത്തറ ബെന്നി എന്നിവരുടെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. പഞ്ചായത്ത് അംഗം ചെറിയാന് കട്ടക്കയത്തിെൻറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.ഇരട്ടയാർ ഗ്രാമപഞ്ചായത്തിെൻറ വിവിധ മേഖലകളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. ഏലം, കാപ്പി, കുരുമുളക്, കപ്പ, വാഴ വിളകളാണ് നശിച്ചത്.കൊച്ചുകാമാക്ഷി, ചെമ്പെകപ്പാറ മേഖലകളിലാണ് കൂടുതലായും കൃഷിനാശം ഉണ്ടായത്. കൊച്ചുകാമാക്ഷി തമ്പാൻ സിറ്റിക്ക് സമീപം നാശനഷ്ടം ഉണ്ടായ വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.