തൊടുപുഴ: മോട്ടോർ വാഹനവകുപ്പും പൊലീസും ഗതാഗത നിയമലംഘനങ്ങൾക്ക് നൽകുന്ന പിഴത്തുകയുടെ കുടിശ്ശിക ജില്ലയിൽ വർധിച്ചു. കാമറകളിലൂടെ മാത്രം കണ്ടെത്തിയ നിയമലംഘനങ്ങളിൽ 36,762 ചെലാനുകളിലായി 1,91,80,500 രൂപയുടെ കുടിശ്ശികയാണ് ജില്ലയിൽ ഉള്ളത്. പിഴയിൽ 83.01 ശതമാനവും കുടിശ്ശികയാണ്.
ഇതിൽ ഏറ്റവും കൂടുതൽ കട്ടപ്പനയിലാണ്. ഇവിടെ 10,598 ചെലാനുകളിലായി 51,49,250 രൂപയും കുശ്ശിശികയാണ്. വാഗമണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ 12,89,750 രൂപയും ഉടുമ്പൻചോല- 6,01,001, കട്ടപ്പന-4,44,500, മൂന്നാർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ്-2,98,1250, മൂന്നാർ -8,94,250, പീരുമേട്-6,92,000, നെടുങ്കണ്ടം-5,91,500 എന്നിങ്ങനെയുമാണ് മറ്റിടങ്ങളിലെ പിഴത്തുക കുടിശ്ശി. അതേ സമയം വാഹന ഉടമകൾക്ക് യഥാസമയം നോട്ടീസ് ലഭിക്കാത്തതിനാൽ വിവരം അറിയാത്ത സാഹചര്യവുമുണ്ട്.
പിഴയടക്കാൻ പൊലീസ് സ്റ്റേഷനുകളിൽ സൗകര്യം ഏർപ്പെടുത്താത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പിഴ ഒടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും പിഴ ചുമത്തിയാൽ തുക ഒടുക്കി നീതിബോധം പ്രകടിപ്പിക്കുന്നവരാകാനും ഇതോടെ ബോധവത്കരണ നിർദേശവുമായി പൊലീസ് രംഗത്തെത്തി. ഗതാഗത നിയമലംഘനങ്ങളിൽ പിടികൂടുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അപ്പോൾതന്നെ പിഴയൊടുക്കാനുള്ള ശ്രമം നടത്തണമെന്നാണ് പ്രധാന നിർദേശം.
പണം അടക്കുന്നതിനു ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യു.പി.ഐ എന്നീ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം. പിഴ തുകയുടെ കുടിശ്ശിക ഇ-പോസ് മെഷീനിലെ ഓൾഡ് ചെല്ലാൻ കോമ്പൗണ്ട് എന്ന ഓപ്ഷനിലൂടെ അടക്കാൻ സൗകര്യവും ഏർപ്പെടുത്തണം.വാഹനങ്ങളുടെ പിഴത്തുക അടക്കാൻ പൊലീസ് സ്റ്റേഷനുകളിൽ വരുന്നവരെ കോടതിയിൽ അടച്ചാൽ മതിയെന്നു പറഞ്ഞ് മടക്കി അയക്കാതെ സംവിധാനം ഒരുക്കുകയും ഇക്കാര്യം ഡ്യൂട്ടിയിലുള്ള പി.ആർ.ഒ, റൈറ്റർ തുടങ്ങിയവരെ അറിയിക്കുകയും വേണം.
നാളുകളായ ചെലാനുകൾ അക്ഷയ സെന്ററുകൾവഴി വെർച്വൽ കോർട്ട് സൈറ്റിൽ അടക്കാൻ സാധിക്കുമെന്ന വിവരവും 60 ദിവസത്തിനുമുമ്പാണെങ്കിൽ വാഹന ഉടമക്ക് സ്വന്തമായി അടക്കാൻ സാധിക്കുമെന്നതും വാഹനപരിശോധനാവേളയിൽ ഓഫീസർമാർ നിയമലംഘകരെ ബോധ്യപ്പെടുത്തണം. സംസ്ഥാനത്ത് ഏതു പൊലീസ് സ്റ്റേഷനുകളിൽനിന്നാണെങ്കിലും ലഭിച്ച ചെലാനുകളും പോലീസിന്റെ ഇ-പോസ് മെഷീനിൽ ഓൾഡ് ചെലാൻ കോമ്പൗണ്ട് എന്ന ഓപ്ഷനിലൂടെ അടക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.