കുളമാവ്: ബോട്ട് സർവിസ് നിലച്ചതോടെ ആദിവാസി മേഖലയിൽ ഒറ്റപ്പെട്ട് 250 കുടുംബം. വനറാണി ബോട്ട് സർവിസ് നിലച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ നടപടിയുമില്ല. ഘട്ടംഘട്ടമായി കുറച്ച ബോട്ട് സർവിസ് ഇപ്പോൾ പൂർണമായും നിലച്ചു. ആദിവാസി മേഖലയായതിനാൽ ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ചക്കിമാലി, മുല്ലക്കാനം, കപ്പക്കാനം, ഉറുമ്പുള്ള് പ്രദേശങ്ങളിലുള്ളവരാണ് ദുരിതത്തിൽ കഴിയുന്നത്. ഈ പ്രദേശത്തെ 250ഓളം കുടുംബം ഇടുക്കി ജലാശയത്തിലൂടെ ബോട്ടിലാണ് പുറം ലോകത്തേക്ക് പോയിരുന്നത്. ബോട്ടുകൾ തകരാറിലായിട്ട് വർഷങ്ങൾ പലതായി. ഒരു ബോട്ട് കുളമാവിലും ഒരു ബോട്ട് കണ്ണക്കയം കടവിലും കരക്കടിഞ്ഞ് കിടന്ന് നശിച്ചു. ആളുകൾ ചെറിയ വള്ളങ്ങളിലും ചങ്ങാടങ്ങളിലുമാണ് യാത്ര ചെയ്യുന്നത്. ഇവിടത്തുകാർ അറക്കുളം ഗ്രാമപഞ്ചായത്ത് അഞ്ച്, 10 വാർഡുകളിൽപെട്ടവരാണെങ്കിലും ഇടുക്കി വില്ലേജിലും ഇടുക്കി താലൂക്കിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർ ബോട്ടിൽ കുളമാവിലെത്തി അവിടെനിന്ന് ബസിലാണ് ഇടുക്കി, അറക്കുളം പ്രദേശങ്ങളിൽ എത്തിയിരുന്നത്. എന്നാൽ, ബോട്ട് ഇല്ലാതായതോടെ വളവുകോട്, ഉപ്പുതറ വഴി 10 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ച് ചോറ്റുപാറ കുടി മൂലമറ്റം വഴിയാണ് ആശുപത്രിയിലും ഓഫിസ് ആവശ്യങ്ങൾക്കും പോകുന്നത്. 50 കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് ഭീമമായ കൂലി കൊടുത്ത് വേണം യാത്ര ചെയ്യാൻ.
ഈ മേഖലയിലെ കുട്ടികൾ ഹോസ്റ്റലിലും ബന്ധുവീടുകളിലും മറ്റും താമസിച്ചാണ് പഠിക്കുന്നത്. പഠനത്തിന് വൻതുക മുടക്കേണ്ടി വരുന്നതുകൊണ്ട് പലരും പഠനം ഉപേക്ഷിക്കുകയാണ്. ഇടുക്കി പദ്ധതിയുടെ ഭാഗമായി കുടി ഒഴിപ്പിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. ഇവരുടെ സ്ഥലത്തിന് പട്ടയവും ലഭിച്ചിട്ടില്ല. കൈവശരേഖ മാത്രമുള്ള ഇവർക്ക് സ്ഥലം വിറ്റ് മറ്റ് മേഖലകളിലേക്ക് പോകാനും കഴിയുന്നില്ല. വീടുകൾ പണിയാനും മറ്റും വൻതുക മുടക്കി വേണം ഇവിടെ സാധനങ്ങൾ എത്തിക്കാൻ. മുല്ലക്കാനത്ത് ഒരു വനിതാ തൊഴിൽ പരിശീലനകേന്ദ്രവും ഏകാധ്യാപക സ്കൂളും ഉറുമ്പുള്ളിൽ ഒരു കമ്യൂണിറ്റി ഹാളും മാത്രമാണ് ഉള്ളത്.
ചക്കിമാലി, മുല്ലക്കാനം വന സംരക്ഷണ സമിതികളുടെ മേൽനോട്ടത്തിലായിരുന്നു ബോട്ട് സർവിസ്. എല്ലാ ദിവസവും ഉണ്ടായിരുന്ന സർവിസ് ഇന്ധനച്ചെലവ് മൂലം ആദ്യം ആഴ്ചയിൽ മൂന്ന് ദിവസമാക്കി, പിന്നീട് ഒരു ദിവസമാക്കി, ഇപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥയായി. 17 പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ ഒരാൾക്ക് 10 രൂപയായിരുന്നു ചാർജ്. ഇത് മതിയാകാത്തതാണ് സർവിസ് നിർത്താനുള്ള കാരണമായി ബന്ധപ്പെട്ടവർ പറയുന്നത്.
അടിയന്തരമായി ബോട്ട് സർവിസ് പുനരാരംഭിക്കണമെന്നും ഒറ്റപ്പെട്ടുകിടക്കുന്ന ആദിവാസി മേഖലയെ രക്ഷിക്കണമെന്നും ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.