തൊടുപുഴ: ജില്ലയിൽ അർബുദ ബാധിതരുടെ എണ്ണം വർധിച്ചുവരുമ്പോഴും മെഡിക്കൽ കോളജിലും ജില്ല ആശുപത്രികളിലും മെച്ചപ്പെട്ട ചികിത്സ സൗകര്യമില്ലാത്തത് ദുരിതമാകുന്നു.
ജില്ലയിലെ രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുപ്രകാരം അർബുദ ബാധിതരുടെ എണ്ണം 2700 ആണ്. ആശുപത്രികളിൽനിന്നും പഞ്ചായത്തുകളിൽനിന്നും ശേഖരിച്ച കണക്കാണിത്.
തൊടുപുഴ ജില്ല ആശുപത്രിയിൽ കീമോതെറപ്പി യൂനിറ്റ് ഉണ്ടെന്നത് മാത്രമാണ് രോഗികൾക്ക് അൽപം ആശ്വാസം. വർഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും ഹൈറേഞ്ചിലെ പ്രധാന സർക്കാർ ആശുപത്രിയായ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ ചികിത്സക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെ ഒരുക്കിയിട്ടില്ല. ജില്ലയിൽ ഓരോ വർഷവും കാൻസർ രോഗികളുടെ എണ്ണത്തിൽ 10-15 ശതമാനം വർധന ഉണ്ടാകുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. നഗരസഭ-തോട്ടം മേഖലകളിലാണ് അർബുധബാധിതരുടെ എണ്ണം കൂടിവരുന്നത്.
കാൻസർ പരിശോധനക്കും ചികിത്സക്കും മാർഗങ്ങൾ ഇല്ലാത്തത് ഹൈറേഞ്ചിലെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയാണ് ഇടുക്കിക്കാർക്ക് അടുത്ത ചികിത്സകേന്ദ്രം. അല്ലെങ്കിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെത്തണം.
ചെറുതോണി: ഏറ്റവും കൂടുതൽ രോഗികളുള്ള ഹൈറേഞ്ച് മേഖലയിൽ അർബുദ ചികിത്സകേന്ദ്രം വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. ഇടുക്കിയിൽനിന്ന് മണിക്കൂറുകൾ യാത്ര ചെയ്ത് കോട്ടയം മെഡിക്കൽ കോളജിലും തിരുവനന്തപുരം ആർ.സി.സിയിലും എത്തിയാണ് രോഗികൾ ഇപ്പോൾ ചികിത്സ തേടുന്നത്. യാത്ര സൗകര്യമില്ലാത്തതിനാൽ വൻ തുക വാടക കൊടുത്ത് വാഹനം വിളിച്ച് പോകുന്നവരും തിരുവനന്തപുരത്ത് മുറിയെടുത്ത് താമസിച്ച് ചികിത്സ തേടുന്നവരും ഉണ്ട്.
ഒരുതവണ കീമോ ചെയ്യാൻ ഏഴായിരം മുതൽ പതിനായിരംവരെ ചെലവ് ആകുമ്പോൾ യാത്രക്കു വേണ്ടിയും തുക കണ്ടെത്താൻ സാധാരണക്കാരായ ഇടുക്കിയിലെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇടുക്കി മെഡിക്കൽ കോളജിനോട് ചേർന്ന് അർബുദ ഡയഗ്നോസ്റ്റിക് സെന്ററും തുടർചികിത്സക്ക് ആവശ്യമായ സംവിധാനങ്ങളും ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. 2021 ആഗസ്റ്റിൽ ഇടുക്കി മെഡിക്കൽ കോളജിൽ ചേർന്ന യോഗത്തിൽ അർബുദ ചികിത്സകേന്ദ്രവും ഹൃദ്രോഗ ചികിത്സ വിഭാഗവും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് ഉറപ്പുനൽകിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, എം.എം. മണി എം.എൽ.എ, കലക്ടർ, ഡി.എം.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നൽകിയ വാക്കും പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.