തൊടുപുഴ: തെരുവുനായുടെ ആക്രമണം രൂക്ഷമായപ്പോൾ പ്രഖ്യാപിച്ച എ.ബി.സി സെന്ററുകളിൽ ഒന്നുപോലും ജില്ലയിൽ ഇതുവരെ യാഥാർഥ്യമായില്ല. തൊടുപുഴ, മൂന്നാർ, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിൽ എല്ലാ സൗകര്യങ്ങളോടുംകൂടി കേന്ദ്രങ്ങൾ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല തടസ്സങ്ങൾകൊണ്ടും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്നും ഇവയെല്ലാം നടക്കാതെ പോയി.
തെരുവുനായ് ശല്യം രൂക്ഷമായിരിക്കുമ്പോഴും ഒരു എ.ബി.സി സെന്റര്പോലും നിലവില് ജില്ലയിലില്ല. ജില്ലയിൽ പേവിഷ ബാധയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ജില്ല ഭരണകൂടത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപടികൾ ആവിഷ്കരിച്ചത്. സർക്കാർ നിർദേശപ്രകാരം തെരുവുനായ് നിയന്ത്രണത്തിനുള്ള പദ്ധതികളും തയാറാക്കി. അതിൽ ഉൾപ്പെട്ടതായിരുന്നു നാല് എ.ബി.സി കേന്ദ്രങ്ങൾ.
കുമളിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സെന്റർ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ, നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇത് മാറ്റേണ്ടി വന്നു. ഇതോടെ ഇവിടെ പദ്ധതി നിലച്ചു. തൊടുപുഴ നഗരസഭയിൽ പാറക്കടവിലാണ് സ്ഥലം കണ്ടെത്തിയത്. നഗരസഭ 10 ലക്ഷം രൂപയുടെ പ്രോജക്ടും തയാറാക്കി. പിന്നെ നടപടിയൊന്നും ഉണ്ടായില്ല. മൃഗസംരക്ഷണ വകുപ്പോ ജില്ല പഞ്ചായത്തോ തുടർനടപടി എടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. മൂന്നാറിലും നെടുങ്കണ്ടത്തും കേന്ദ്രം തുറക്കാനായില്ല.
ഒടുവിലാണ് ജില്ല പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് ജില്ല പഞ്ചായത്ത് കോമ്പൗണ്ടിൽ ഒരേക്കർ സ്ഥലം കണ്ടെത്തുകയായിരുന്നു. എന്നാൽ, ഇതിന്റെ നടപടികൾക്കും വേഗം പോരെന്നാണ് ആക്ഷേപം. ദിവസം ശരാശരി പത്തിലധികം പേർക്ക് കടിയേൽക്കുന്നുണ്ട്. കഴിഞ്ഞ മാസം 432 പേർക്കാണ് നായ് കടിയേറ്റത്. അതേസമയം, എ.ബി.സി സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു പറഞ്ഞു. ജില്ല പഞ്ചായത്ത് കോമ്പൗണ്ടിൽ ഒരേക്കർ സെന്ററിന് കണ്ടെത്തിയിട്ടുണ്ട്. നാല് കോടിയുടെ പദ്ധതിയാണെന്നും അംഗീകാരം ഉടൻ ലഭിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തൊടുപുഴ: പേവിഷ ബാധ നിർമാർജന യജ്ഞത്തിന് ജില്ലയിൽ തണുപ്പൻ പ്രതികരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞ നായ്ക്കളെ മാത്രമാണ് ക്യാമ്പുകളിൽ കുത്തിവെപ്പിനെത്തിച്ചത്. 2019ലെ സെൻസസ് പ്രകാരം 55,354 വളർത്തുനായ്ക്കളും 7375 തെരുവുനായ്ക്കളുമാണുള്ളത്. ഇതിനു ശേഷം രണ്ട് വിഭാഗത്തിലും കാര്യമായ വർധനയുണ്ട്.
ഇതിൽ 8481 വളർത്തുനായ്ക്കൾക്കും 311 തെരുവുനായ്ക്കൾക്കും മാത്രമാണ് പേവിഷ ബാധ നിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പുകളിൽ കുത്തിവെപ്പ് എടുത്തത്.
അതേസമയം, സ്വകാര്യ ഏജൻസികൾ വഴിയും മൃഗാശുപത്രികളിൽ എത്തിച്ചും കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇനിയുമുള്ള നായ്ക്കൾക്ക് മൃഗാശുപത്രിയിൽ എത്തിച്ച് വാക്സിനേഷൻ നൽകാനുള്ള സൗകര്യമുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ല അധികൃതർ അറിയിച്ചു.
സംസ്ഥാനതലത്തിൽ സർക്കാറും മൃഗസംരക്ഷണ വകുപ്പും ശക്തമായ പ്രചാരണം നൽകിയിട്ടും ഉടമകളും തദ്ദേശ സ്ഥാപനങ്ങളും വേണ്ടത്ര ജാഗ്രത വിഷയത്തിൽ കാണിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.