അടിമാലി: അണക്കെട്ട് ഒറ്റപ്പെടുത്തിയ കല്ലാര്‍കുട്ടി നായ്ക്കുന്ന് തുരുത്ത് നിവാസികള്‍ പുറംലോകത്ത് എത്തുന്നത് സാഹസികത നിറഞ്ഞ കടത്തുവള്ളം ഉപയോഗിച്ച്. ആറ് പതിറ്റാണ്ടായി തുടരുന്ന യാത്ര ഇപ്പോഴും അപകടത്തിെൻറ നൂല് വഴികളിലൂടെയാണ്.
1961ല്‍ മുതിരപ്പുഴയാറിന് കുറുകെ കല്ലാര്‍കുട്ടിയില്‍ അണക്കെട്ട് നിര്‍മിച്ചതോടെയാണ് നായ്ക്കുന്ന് നിവാസികളുടെ ദുരിതയാത്ര തുടങ്ങുന്നത്. വിദ്യാർഥികള്‍ സ്കൂളില്‍ പോകുന്നതും റേഷന്‍ വാങ്ങാന്‍ കല്ലാര്‍കുട്ടി റേഷന്‍കട സിറ്റിയില്‍ എത്തുന്നതുമടക്കം എല്ലാ ആവശ്യങ്ങള്‍ക്കും ഇവിടത്തുകാര്‍ ആശ്രയിക്കുന്നത് കടത്ത് വള്ളത്തെയാണ്.
നായ്ക്കുന്നിനും കല്ലാർകുട്ടിക്കുമിടയിലെ 120 മീറ്റര്‍ ദൂരമാണ് വള്ളത്തില്‍ സഞ്ചരിക്കേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളത്തൂവല്‍ പഞ്ചായത്ത് വാങ്ങിനല്കിയതാണ് വള്ളം. കാലപ്പഴക്കത്താല്‍ വള്ളം തകർച്ചയുടെ വക്കത്താണ്. പഞ്ചായത്ത് നിയമിച്ച കടത്തുവള്ളത്തിലെ ജീവനക്കാരന് അവധി ദിവസങ്ങളില്‍ ജോലിെക്കത്തില്ല.
ഈ സമയം വള്ളം സ്വയം നിയന്ത്രിച്ചുവേണം മറുകരയിലെത്താന്‍. ഇതിനായി ഇരുകരയും ബന്ധിപ്പിച്ച് കയര്‍ കെട്ടിയിട്ടുണ്ട്. ഇതില്‍ പിടിച്ചുവലിച്ചുള്ള യാത്ര സാഹസികത നിറഞ്ഞതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രിയും മറ്റും രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ വള്ളത്തില്‍ തന്നെ വേണം. ഇവിടുത്തുകാര്‍ പലപ്പോഴും വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടിട്ടുണ്ട്. നീന്തല്‍ വശമുള്ളതിനാല്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നു.
കല്ലാര്‍കുട്ടിയെയും നായ്ക്കുന്നിനെയും ബന്ധിപ്പിച്ച് അണക്കെട്ടിന് കുറുകെ തൂക്കുപാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇനിയും യാഥാർഥ്യമാകാതെ കിടക്കുന്നു. തൂക്കുപാലം നിര്‍മിക്കാന്‍ സർവേകളും എസ്റ്റിമേറ്റും അടക്കം പഞ്ചായത്ത് സര്‍ക്കാറിെൻറ അനുമതിക്കായി അയച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് മുന്‍ പഞ്ചായത്ത് മെംബര്‍ പയസ് എം.പറമ്പില്‍ പറഞ്ഞു. ഇതിനായി സമരത്തിനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.
പുതിയ കടത്തുവള്ളമെത്തിക്കും
അടിമാലി: കല്ലാര്‍കുട്ടി അണക്കെട്ടിന് കുറുകെ കടക്കാന്‍ നായ്ക്കുന്ന് മേഖലയിലെ കുടുംബങ്ങള്‍ ഉപയോഗിച്ചുപോരുന്ന കാലപ്പഴക്കം ചെന്ന കടത്തുവള്ളത്തിന് പകരം പുതിയ വള്ളമിറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ബി. ജോണ്സന് പറഞ്ഞു. ഇതിനായി ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.