അടിമാലി: കാലവർഷം ചതിച്ചതോടെ ആനയിറങ്കൽ ജലാശയം വറ്റിത്തുടങ്ങി. മുൻ വർഷങ്ങളിൽ ഈ സമയത്ത് 100 ശതമാനം വെള്ളം ഉണ്ടായിരുന്ന ആനയിറങ്കലിൽ 20 ശതമാനത്തിനടുത്താണ് ജലനിരപ്പ്. പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ സഹായ അണക്കെട്ടാണ് ആനയിറങ്കൽ. വേനലിൽ പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് കുറയുമ്പോൾ ആനയിറങ്കൽ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാണ് പന്നിയാർ ജലവൈദ്യുതി പദ്ധതി പ്രവർത്തിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിലും ആനയിറങ്കൽ അണക്കെട്ടിലെ വെള്ളം പൊന്മുടിയിലേക്ക് തുറന്നുവിട്ടിരുന്നു. കാലവർഷ മഴയിൽ 60 ശതമാനം കുറവുണ്ടായതോടെ ആനയിറങ്കലിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു.
1197.15 മീറ്ററാണ് ജലാശയത്തിലെ കഴിഞ്ഞദിവസത്തെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 1206.46 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 1207 മീറ്ററിലെത്തിയാൽ ഡാമിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങും. കാലവർഷം ചതിച്ചതോടെ ഇനി തുലാമഴ മാത്രമാണ് ആശ്രയം. പൊന്മുടി അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നതിനാൽ വൈദ്യുതോൽപാദനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി. 707.75 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് 693.55 മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.